കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം നവംബര്‍ 14ന് കണ്ണൂരില്‍

Update: 2023-11-12 04:27 GMT


കണ്ണൂര്‍: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 59ാം സംസ്ഥാന സമ്മേളനം നവംബര്‍ 14ന് കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ ഒന്‍പതിന് പതാക ഉയര്‍ത്തലോടെ സമ്മേളനത്തിന് തുടക്കമാകും. പത്തിന് ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരണം നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. യൂണിയന്റെ നവീകരിച്ച വെബ്സൈറ്റിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും. പുതിയ കാലത്തിന്റെ ഒഴുക്കിനൊപ്പം സഞ്ചരിക്കാന്‍ പത്രപ്രവര്‍ത്തക യൂണിയന്‍ അംഗങ്ങളേയും സജ്ജരാക്കുന്ന വിധത്തിലാണ് വെബ്സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടന സദസ്സില്‍ മുഖ്യാതിഥിയായിരിക്കും. പതിറ്റാണ്ടുകളായി യൂണിയന്റെ നിയമപോരാട്ടങ്ങളിലെ വഴികാട്ടിയായ മുന്‍ ലോക്സഭാ എം.പിയും മുതിര്‍ന്ന അഭിഭാഷകനുമായ അഡ്വ തമ്പാന്‍ കെ. തോമസിനെ വേദിയില്‍ ആദരിക്കും. മേയര്‍ ടി.ഒ.മോഹനന്‍ , കടന്നപ്പള്ളി രാമചന്ദ്രന്‍ എം. എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവര്‍ ആശംസ നേരും.


മാധ്യമമേഖലയും മാധ്യമപ്രവര്‍ത്തകരും തൊഴില്‍പരമായ ഒട്ടേറെ പ്രതിസന്ധികള്‍ നേരിടുന്ന കാലഘട്ടത്തിലാണ് യൂണിയന്റെ വാര്‍ഷിക സമ്മേളനം കണ്ണൂരില്‍ നടക്കുന്നത്. അത്തരം പ്രതിസന്ധികള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്യും. കേരളത്തിനകത്തു നിന്നും പുറത്തുനിന്നുമായി ആയിരത്തോളം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. യോഗത്തിന് മുന്നോടിയായുള്ള സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം 13ന് ഉച്ചയ്ക്ക് രണ്ടിന് കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ നടക്കും. വൈകുന്നേരം ആറിന് പയ്യാമ്പലത്ത് സ്വദേശാഭിമാനി സ്മാരക സ്തൂപത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ദീപം തെളിക്കും. 59ാം വാര്‍ഷിക സമ്മേളനത്തെ ഓര്‍മിപ്പിച്ചു കൊണ്ട് 59 ദീപങ്ങളാണ് തെളിക്കുക. രാത്രി ഏഴിന് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ റംഷി പട്ടുവവും സംഘവും നയിക്കുന്ന നാടന്‍പാട്ട് അരങ്ങേറും.



പത്രസമ്മേളനത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസി ഡന്റ് എം.വി. വിനീത, സംഘാടക സമിതി ചെയര്‍മാന്‍ സിജി ഉലഹന്നാന്‍, ജനറല്‍ കണ്‍വീനര്‍ കെ. വിജേഷ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പ്രശാന്ത് പുത്തലത്ത് എന്നിവര്‍ പങ്കെടുത്തു.





Tags: