ഒരാഴ്ചക്കിടെ നിരീക്ഷണ ലംഘനത്തിന് 137 കേസ്; ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നു

സമൂഹവ്യാപനം ഉറപ്പിക്കാന്‍ പരിശോധന കൂട്ടണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ

Update: 2020-05-23 07:00 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് അനുദിനം കൊവിഡ്-19 രോഗബാധിതര്‍ കൂടുന്നത് ആശങ്ക പടര്‍ത്തുന്നു. അതിനിടെ ഒരാഴ്ചയ്ക്കിടെ നിരീക്ഷണ ലംഘനത്തിന് 137 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന പോലിസ് അഭ്യര്‍ത്ഥന പോലും പലരും ചെവിക്കൊള്ളുന്നില്ല. പുറമെ നിന്നെത്തുന്നവരില്‍ രോഗബാധികര്‍ കൂടുന്നതും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നതും സര്‍ക്കാരിനു തലവേദന സൃഷ്ടിക്കുകയാണ്. രണ്ടുദിവസമായി ലോക്ക് ഡൗൺ മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി ആളുകള്‍ കൂട്ടം കൂടുന്നതും വാഹനങ്ങളുമായി യാത്ര ചെയ്യുന്നതും വര്‍ദ്ധിക്കുന്നതു വിപരീത ഫലമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആളുകള്‍ പുറത്തിറങ്ങുന്നത് വര്‍ദ്ധിക്കുകയാണ്. ഇതോടൊപ്പം നിരീക്ഷണത്തില്‍ കഴിയുന്നവരുടെ നിയന്ത്രണങ്ങളുടെ ലംഘനവും കൂടിവരികയാണ്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സര്‍ക്കാര്‍ വിവിധ വകുപ്പുകളോടു നിര്‍ദേശിച്ചത്.

അതിനിടെ, സംസ്ഥാനത്ത് കൊവിഡ്19 രോഗ പരിശോധന കൂട്ടണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ ആവശ്യപ്പെട്ടു. ദേശീയ ശരാശരിയെക്കാള്‍ കുറവാണ് ഇപ്പോള്‍ കേരളത്തിലെ പരിശോധനാ നിരക്ക്. ഇതു കൂട്ടിയാല്‍ മാത്രമെ സമൂഹവ്യാപനമില്ലെന്ന് ഉറപ്പിക്കാനാകൂ. 10 ലക്ഷത്തില്‍ 1,282 എന്നതാണ് കേരളത്തിലെ നിലവിലെ പരിശോധന നിരക്ക്. ദേശീയ ശരാശരി 1,671 ആണ്. സംസ്ഥാനത്ത് സമൂഹവ്യാപനം ഇല്ലെന്ന് ഉറപ്പിക്കാന്‍ നിലവിലെ ഈ നിരക്കുകള്‍ മതിയാവില്ലെന്ന അഭിപ്രായമാണ് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇതോടൊപ്പം കേരളത്തില്‍ ചില കൊവിഡ് കേസുകളുടെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്ത് മുപ്പതിലേറെ രോഗികള്‍ക്ക് രോഗം പടര്‍ന്നതെങ്ങനെയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കണ്ണൂര്‍ ധര്‍മടത്തെ രോഗിക്കും ഇടുക്കി, കൊല്ലം എന്നിവിടങ്ങളിലെ ചില രോഗികള്‍ക്കും രോഗം പകര്‍ന്നത് എങ്ങനെയെന്ന് വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് സമൂഹവ്യാപന സാദ്ധ്യത ചിലര്‍ ഉന്നയിക്കുന്നത്. കേരളത്തില്‍ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് പോയവര്‍ക്ക് അവിടെ രോഗം സ്ഥിരീകരിക്കുന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. മൂന്നു ദിവസത്തിനിടെ ആറുപേര്‍ക്ക് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. വരുംദിനങ്ങളില്‍ ഉറവിടം വ്യക്തമാകാത്ത രോഗബാധിതര്‍ കൂടുതല്‍ ഉണ്ടാകാമെന്നും അതുകൊണ്ടു തന്നെ പരിശോധന വര്‍ദ്ധിപ്പിക്കണമെന്നും വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നു.

ഇതരസംസ്ഥാനങ്ങളില്‍ നിന്നും പ്രവാസലോകത്തു നിന്നും കൂടുതല്‍ പേര്‍ സംസ്ഥാനത്തെത്തുന്ന സാഹചര്യത്തില്‍ കൊവിഡ് കേസുകള്‍ ഇനിയും കൂടുമെന്നു ആരോഗ്യവിദഗ്ദ്ധര്‍. ഈ സാഹചര്യത്തില്‍, കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ ആലോചന.

Tags:    

Similar News