സംസ്ഥാനത്ത് പുതിയതായി 15 ഫോറസ്റ്റ് സ്റ്റേഷനുകള്‍ ആരംഭിക്കും

പൊന്തന്‍പുഴ ഭൂമി പ്രശ്‌നത്തില്‍ 451 കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന്റെ പുതുതായി ലഭിച്ച രേഖകള്‍ കൂടി പരിശോധിക്കുവാനും ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാനും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കും.

Update: 2020-02-09 10:00 GMT

പത്തനംതിട്ട: സംസ്ഥാനത്ത് പുതിയതായി 15 ഫോറസ്റ്റ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് വനം മന്ത്രി അഡ്വ കെ രാജു പറഞ്ഞു. റാന്നി ഡിവിഷനിലെ കരികുളം ഫോറസ്റ്റ് സ്റ്റേഷന്‍ മന്ദിരത്തിന്റെയും ജീവനക്കാര്‍ക്കുള്ള ഡോര്‍മിറ്ററിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനം കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും വനം, വന്യജീവി വിഭവങ്ങള്‍ പരിപാലിക്കുന്നതിനും വിപുലമായ പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ഇതിനായി നിർമ്മിക്കുന്ന 25 ഫോറസ്റ്റ് സ്റ്റേഷനുകളിൽ 10 എണ്ണം യാഥാർത്ഥ്യമായതായി അദ്ദേഹം അറിയിച്ചു.

പൊന്തന്‍പുഴ ഭൂമി പ്രശ്‌നത്തില്‍ 451 കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന്റെ പുതുതായി ലഭിച്ച രേഖകള്‍ കൂടി പരിശോധിക്കുവാനും ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാനും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കും. ഈ വിഷയത്തില്‍ രാജു എബ്രഹാം എം.എല്‍.എയുടെ ശുപാര്‍ശ പരിഗണിക്കും.

കര്‍ഷകരുടെ ഭൂമിയില്‍ കാട്ടുപന്നി ശല്യമുണ്ടായാല്‍ ജനജാഗ്രതാ സമിതി ചേര്‍ന്ന് തുടര്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. ബഹുജന പങ്കാളിത്തത്തോടെ വനം, വന്യജീവി സംരക്ഷണം ഉറപ്പാക്കണമെന്നതാണ് സര്‍ക്കാര്‍ നയം. വനത്തില്‍ താമസിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് വനത്തിനുള്ളില്‍ ഭവനം നിര്‍മ്മിക്കാന്‍ തങ്ങള്‍ കൈവശം വച്ചുവരുന്ന ഭൂമിയില്‍ അവര്‍ വെച്ചുപിടിപ്പിച്ച മരങ്ങള്‍ മുറിക്കുന്നതിന് അനുമതിയുണ്ട്. കാലാവസ്ഥാ വ്യതിയാനം ജീവജാലങ്ങള്‍ക്ക് വലിയ ഭീഷണിയായ സാഹചര്യത്തില്‍ വന സംരക്ഷണത്തിന് വലിയ പ്രാധാന്യമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ എല്ലാ മേഖലയിലും ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവന്നതായും മന്ത്രി പറഞ്ഞു.

യോഗത്തില്‍ രാജു എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജന്‍ നീറംപ്ലാക്കല്‍, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആനിയമ്മ അച്ചന്‍കുഞ്ഞ്, ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇൻ ചാർജ് ജോര്‍ജി പി.മാത്തച്ചന്‍, റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം. ഉണ്ണികൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.ആര്‍ പ്രസാദ്, അഡ്വ. മനോജ് ചരളേല്‍, ജയിംസ് പി.സാമുവേല്‍, ആലിച്ചന്‍ ആറൊന്നില്‍, സമദ് മേപ്പുറത്ത്, സജി നെല്ലുവേലില്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News