ബിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറിയാവും; നാല് ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് മാറ്റം

ചീഫ് സെക്രട്ടറി മാറുന്നതിനിടൊപ്പം ഐഎഎസ് തലപ്പത്ത് കാര്യമായ അഴിച്ചു പണിയാണ് സര്‍ക്കാര്‍ നടത്തിയത്. തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, കോട്ടയം ജില്ലകളില്‍ പുതിയ കലക്ടര്‍മാരെയും നിയമിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറി ടി കെ ജോസിനെ ആഭ്യന്തര- വിജിലന്‍സ് സെക്രട്ടറിയായി നിയമിച്ചു.

Update: 2020-05-27 06:35 GMT

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിലവിലെ ആഭ്യന്തര- വിജിലന്‍സ് സെക്രട്ടറി ബിശ്വാസ് മേത്തെയ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് മെയ് 31ന് വിരമിക്കുന്ന മുറയ്ക്ക് ബിശ്വാസ് മേത്ത അടുത്ത ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കും. 1986 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനായ ബിശ്വാസ് മേത്ത രാജസ്ഥാന്‍ സ്വദേശിയാണ്. അടുത്തവര്‍ഷം ഫെബ്രുവരി വരെ സര്‍വീസില്‍ തുടരാനാവും. ഇദ്ദേഹത്തേക്കാള്‍ സീനിയറായ മൂന്ന് കേരള കേഡര്‍ ഉദ്യോഗസ്ഥരുണ്ടെങ്കിലും ഇവര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്.

മടങ്ങിയെത്താന്‍ ഇവര്‍ താത്പര്യം അറിയിച്ചിട്ടില്ല. അതിനാല്‍, ബിശ്വാസ് മേത്തയ്ക്കു മുന്‍തൂക്കമായി. ആഭ്യന്തര സെക്രട്ടറിയെന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധവുമുണ്ട്. ചീഫ് സെക്രട്ടറി മാറുന്നതിനിടൊപ്പം ഐഎഎസ് തലപ്പത്ത് കാര്യമായ അഴിച്ചു പണിയാണ് സര്‍ക്കാര്‍ നടത്തിയത്. തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, കോട്ടയം ജില്ലകളില്‍ പുതിയ കലക്ടര്‍മാരെയും നിയമിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറി ടി കെ ജോസിനെ ആഭ്യന്തര- വിജിലന്‍സ് സെക്രട്ടറിയായി നിയമിച്ചു. നിലവിലെ തിരുവനന്തപുരം കലക്ടര്‍ കെ ഗോപാലകൃഷ്ണനെ മലപ്പുറത്തേക്ക് മാറ്റി. നവജ്യോത് സിങ് ഖോസയാണ് പുതിയ തിരുവനന്തപുരം ജില്ലാ കലക്ടര്‍.

റവന്യൂ സെക്രട്ടറി ഡോ.വി വേണുവിനെ ആസൂത്രണബോര്‍ഡ് സെക്രട്ടറിയായി നിയമിച്ചു. വി ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറി. ആലപ്പുഴ കലക്ടര്‍ എം അഞ്ജനയെ കോട്ടയത്തേക്ക് സ്ഥലം മാറ്റി. കോട്ടയം കലക്ടര്‍ പി കെ സുധീര്‍ ബാബു 31ന് വിരമിക്കുന്ന ഒഴിവിലാണിത്. കാര്‍ഷികോത്പന്ന കമ്മീഷണറായി ഇഷിതാ റോയിയെ നിയമിച്ചു. വിരമിക്കുന്ന മുറയ്ക്കു ചീഫ് സെക്രട്ടറി ടോം ജോസിന് ഉന്നത തസ്തികയില്‍ പുനര്‍നിയമനം നല്‍കിയേക്കുമെന്നാണു സൂചന. ടോം ജോസിനെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫിസറായി നിയമിച്ചേക്കുമെന്നാണ് സൂചന. 

Tags: