പ്ലാസ്റ്റിക് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍
പ്ലാസ്റ്റിക് കുപ്പിയിലും കവറുകളിലും ഉല്‍പ്പനങ്ങള്‍ വില്‍ക്കുന്ന ബിവറേജസ് കോര്‍പറേഷന്‍, കേരഫെഡ്, മില്‍മ, ജല അതോറിറ്റി, മറ്റു പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവരും പ്ലാസ്റ്റിക് തിരികെ ശേഖരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് ഇന്ന് അര്‍ധരാത്രി മുതല്‍ കേരളത്തില്‍ നിരോധനം ഏര്‍പ്പെടുത്തും. അതോടെ ഇത്തരം പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വിപണിയില്‍ നിര്‍ത്തലാക്കും. വ്യാപാരികളുടെ എതിര്‍പ്പുണ്ടെങ്കിലും നിരോധനവുമായി മുന്നോട്ടുപോവുമന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പ്ലാസ്റ്റിക് കുപ്പിയിലും കവറുകളിലും ഉല്‍പ്പനങ്ങള്‍ വില്‍ക്കുന്ന ബിവറേജസ് കോര്‍പറേഷന്‍, കേരഫെഡ്, മില്‍മ, ജല അതോറിറ്റി, മറ്റു പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവരും പ്ലാസ്റ്റിക് തിരികെ ശേഖരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്കെല്ലാം വിലക്കുണ്ടെങ്കിലും ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍, മുറിച്ചുവച്ച ഇറച്ചി, മല്‍സ്യം എന്നിവ പൊതിയാനുപയോഗിക്കുന്ന കവറുകള്‍ എന്നിവയെ നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍, ഇതല്ലാം ഉപഭോക്താക്കളില്‍നിന്നു തിരികെശേഖരിക്കണമെന്നും സര്‍ക്കാര്‍ വ്യവസ്ഥചെയ്തിട്ടുണ്ട്. മുന്‍കൂട്ടി അളന്നുവച്ചിരിക്കുന്ന ധാന്യങ്ങള്‍, ധാന്യപ്പൊടികള്‍, പഞ്ചസാര, മുറിച്ച മീനും മാംസവും സൂക്ഷിക്കാന്‍ ഉപയോഗിക്കാവുന്ന പാക്കറ്റുകള്‍ എന്നിവയെയും നിരോധനത്തില്‍നിന്ന് തല്‍ക്കാലം ഒഴിവാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് മൂലം പരിസ്ഥിതിക്കുണ്ടാവുന്ന ആഘാതവും, ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്താണ് ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തുന്നത്.
