കേരള ഗവര്‍ണറെ തിരിച്ചു വിളിക്കണം: അല്‍ഹാദി അസോസിയേഷന്‍

മനുഷ്യ ജീവന് വില കല്‍പിക്കാത്ത സംഘപരിവാറിനോടുള്ള വിനീത വിധേയത്വവും അധികാരം ലക്ഷ്യമാക്കിയുള്ള അദ്ദേഹത്തിന്റെ കാലു മാറ്റങ്ങളുമൊക്കെ മത വിദ്യാഭ്യാസം ലഭിക്കാതെ പോയതിന്റെ കുറവാണ് വിളിച്ചു പറയുന്നത്. അധികാരത്തില്‍ കടിച്ചുതൂങ്ങാനും സ്ഥാനമാനങ്ങള്‍ ഇരന്നു വാങ്ങാനും ആര്‍എസ്എസ് വിധേയത്വം അദ്ദേഹത്തിന് അനിവാര്യമായിരിക്കാം. പക്ഷേ അത് മുസ്ലിം സമുദായത്തിന്റെ അഭിമാനത്തില്‍ കൈവെച്ച് ആകേണ്ടതില്ല.

Update: 2022-06-30 10:51 GMT

തിരുവനന്തപുരം: കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനും വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനും ബോധപൂര്‍വ്വം ശ്രമിച്ചുകൊണ്ടിരിക്കുന്ന കേരള ഗവര്‍ണര്‍ ആരിഫ് ഖാനെ തിരിച്ചുവിളിക്കണമെന്ന് അല്‍ ഹാദി അസോസിയേഷന്‍ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. മദ്‌റസാ വിദ്യാഭ്യാസത്തിനെതിരേ തികച്ചും ബാലിശമായ പ്രസ്താവനയാണ് ഗവര്‍ണറില്‍ നിന്നും ഉണ്ടായിട്ടുള്ളത്.

മനുഷ്യന്റെ വൈയക്തികവും സാമൂഹികവുമായ ബന്ധങ്ങളും അതിന്റെ ശരിയായ സംസ്‌കരണവും സര്‍വോപരി സ്രഷ്ടാവിനോടുള്ള ബാധ്യതാ പൂര്‍ത്തീകരണവുമാണ് മദ്‌റസകളില്‍ നിന്നും കുട്ടികള്‍ പഠിക്കുന്നത്. പൊതു വിദ്യാലയങ്ങളില്‍ നിന്നും വിദ്യ കരസ്ഥമാക്കുന്നതിന് കേരളത്തിലെ മദ്‌റസാ വിദ്യാഭ്യാസം യാതൊരു തടസ്സവും സൃഷ്ടിക്കുന്നില്ല. ഇത്തരം മഹത്തരമായ സന്ദേശവും മദ്‌റസാ പഠനവും ചെറുപ്പത്തില്‍ ലഭിക്കാതെ പോയതാണ് അവിവേകവും അജ്ഞതയും നിറഞ്ഞ അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് മൂല കാരണം.

മനുഷ്യ ജീവന് വില കല്‍പിക്കാത്ത സംഘപരിവാറിനോടുള്ള വിനീത വിധേയത്വവും അധികാരം ലക്ഷ്യമാക്കിയുള്ള അദ്ദേഹത്തിന്റെ കാലു മാറ്റങ്ങളുമൊക്കെ മത വിദ്യാഭ്യാസം ലഭിക്കാതെ പോയതിന്റെ കുറവാണ് വിളിച്ചു പറയുന്നത്. അധികാരത്തില്‍ കടിച്ചുതൂങ്ങാനും സ്ഥാനമാനങ്ങള്‍ ഇരന്നു വാങ്ങാനും ആര്‍എസ്എസ് വിധേയത്വം അദ്ദേഹത്തിന് അനിവാര്യമായിരിക്കാം. പക്ഷേ അത് മുസ്ലിം സമുദായത്തിന്റെ അഭിമാനത്തില്‍ കൈവെച്ച് ആകേണ്ടതില്ല.

ഉന്നതന്മാരായ നിയമ വിദഗ്ദധരും സാമൂഹ്യ പ്രവര്‍ത്തകരും ആദരണീയരായ വ്യക്തിത്വങ്ങളും അലങ്കരിച്ച കേരളത്തിന്റെ ഗവര്‍ണര്‍ പദവി മലിനപ്പെടുത്തുന്ന ജല്‍പനങ്ങളാണ് അദ്ദേഹത്തില്‍ നിന്നും നിരന്തരം വന്ന് കൊണ്ടിരിക്കുന്നത് ഇത്തരം വിഷലിപ്തവും അബദ്ധ ജഡിലവുമായ നിരുത്തരവാദ പ്രസ്താവനകള്‍ ഉല്‍പാദിപ്പിക്കുന്നയിടമായി രാജ്ഭവനെ മാറ്റരുതെന്നും അല്‍ ഹാദി അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Similar News