കേരള സര്‍ക്കാര്‍ ലക്ഷ്യം സമസ്ത മേഖലകളിലും വികസനം: മുഖ്യമന്ത്രി

1500 കോടി രൂപയുടെ പദ്ധതികളാണ് ഇതിനായി സംസ്ഥാനത്ത് നടപ്പാക്കിയത്-പിണറായി പറഞ്ഞു.

Update: 2023-05-16 14:25 GMT

താനൂര്‍: കേരളത്തിന്റെ സമസ്ത മേഖലകളിലും വികസനം എത്തിക്കുക എന്നതാണ് കേരള സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താനൂരില്‍ നാലു സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം കിഫ്ബി മുഖേനയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. താനൂരില്‍ തയ്യാറായ നാലു സ്റ്റേഡിയങ്ങള്‍ ഈ മേഖലയിലെ കായിക മുന്നേറ്റത്തിന് സഹായകമാകും. എല്ലാ പഞ്ചായത്തുകളിലും നല്ല രീതിയിലുള്ള കളിക്കളം തയ്യാറാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. എല്ലാവര്‍ക്കും ആരോഗ്യം എന്ന കാഴ്ചപ്പാട് അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ പുതിയ കായികനയം രൂപീകരിച്ചിട്ടുള്ളത്. കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് എന്ന ആശയം നടപ്പാക്കി. അതിലൂടെ മുഴുവന്‍ ജനങ്ങളുടെയും ആരോഗ്യമാണ് ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ അതിനായി മെച്ചപ്പെടുത്തും. 1500 കോടി രൂപയുടെ പദ്ധതികളാണ് ഇതിനായി സംസ്ഥാനത്ത് നടപ്പാക്കിയത്-പിണറായി പറഞ്ഞു.

കൂടുതല്‍ പേര്‍ക്ക് കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരമാണ് ഒരുക്കുന്നത്. അതോടൊപ്പം കൂടുതല്‍ മത്സരങ്ങള്‍ നടത്താനുള്ള സൗകര്യവും നാട്ടിലാകെ ഒരുങ്ങേണ്ടതുണ്ട് കായിക പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ സജീവമാക്കാനുള്ള നടപടികള്‍ ഏറ്റെടുക്കുക എന്നത് ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. താഴെത്തട്ടിലുള്ള കായിക വികസനം ലക്ഷ്യം വെച്ചാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചത്. കേരളത്തിലെ അഞ്ചുലക്ഷം കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്ന ഗോള്‍ പദ്ധതി നല്ല നിലയില്‍ മുന്നോട്ടു പോകുന്നുണ്ട്. പത്തുവര്‍ഷം കാലാവധി വച്ചുകൊണ്ട് സമ്പൂര്‍ണ്ണ കായിക സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കാട്ടിലങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കായികമന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷനായി. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ മുഖ്യാതിഥിയായിരുന്നു. കായിക യുവജനക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ജയചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

10.2 കോടി രൂപ ചെലവില്‍ കാട്ടിലങ്ങാടിയില്‍ നിര്‍മിച്ച സ്റ്റേഡിയം, ഉണ്യാലില്‍ 4.95 കോടി രൂപ ചെലവില്‍ ഫിഷറീസ് വകുപ്പിന്റെ സ്ഥലത്ത് നിര്‍മ്മിച്ച സ്റ്റേഡിയം , താനൂര്‍ ഫിഷറീസ് സ്‌കൂളില്‍ 2.9 കോടി രൂപ ചെലവില്‍ നിര്‍മിച്ച സ്റ്റേഡിയം, താനാളൂരില്‍ 80 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഇ.എം.എസ് സ്റ്റേഡിയം എന്നിവയാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്. ഫിഷറീസ് സ്‌കൂളിന് നിര്‍മ്മിച്ച പുതിയ ഹൈസ്‌കൂള്‍ ഹൈടെക് കെട്ടിടത്തിന്റെ സമര്‍പ്പണവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

താനൂര്‍ പൂരപ്പുഴ ബോട്ട് അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയാണ് ഉദ്ഘാടന പരിപാടികള്‍ ആരംഭിച്ചത്. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്, എന്‍എസ്എസ് എന്നിവരുടെ സല്യൂട്ട് സ്വീകരിച്ച മുഖ്യമന്ത്രി കാട്ടിലങ്ങാടി സ്റ്റേഡിയത്തില്‍ പന്തു തട്ടിക്കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്.

ഫുട്‌ബോള്‍ താരങ്ങളായ ഐ എം വിജയന്‍, ഹബീബ് റഹ്‌മാന്‍, ആസിഫ് സഹീര്‍, പി ഉസ്മാന്‍, തിരൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ഇ ജയന്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍, മത്സ്യഫെഡ് അംഗം പി പി സൈതലവി, വി അബ്ദുറസാഖ്,കെ പി രമേഷ് കുമാര്‍, ജി ബിന്ദു, പി മായ, കെ കെ സുധാകരന്‍, ഇ എന്‍ മോഹന്‍ദാസ്, ടി എന്‍ ശിവശങ്കരന്‍, രവി തേലത്ത്, ഷമീര്‍ പയ്യനങ്ങാടി, മേച്ചേരി സൈതലവി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി സ്വാഗതവും നഗരസഭ കൗണ്‍സിലര്‍ സുചിത്ര നന്ദിയും പറഞ്ഞു.





Tags:    

Similar News