വീടും സ്ഥലവുമില്ല; പ്രളയത്തിലെ ഇരകള്‍ ഇന്നും വാടകവീടുകളില്‍

ഇരകളെ ഇനിയും അവഗണിക്കാനാണ് ജനപ്രതിനിധികളുടെയും അധികൃതരുടെയും ഭാവമെങ്കില്‍ പ്രളയബാധിതരെ സംഘടിപ്പിച്ച് പാര്‍ട്ടി ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍ക്കുമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി അറിയിച്ചു.

Update: 2019-09-02 18:09 GMT

പാലക്കാട്: കഴിഞ്ഞ പ്രളയകാലത്ത് 10 പേരുടെ ജീവന്‍ പൊലിഞ്ഞ നെന്മാറ ഒരുള്‍പ്പൊട്ടലിന്റെ ഇരകളില്‍ ഭൂരിഭാഗവും ഇന്നും താമസിക്കുന്നത് വാടക വീടുകളിലും സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളിലും. ഓരോ കാരണങ്ങള്‍ പറഞ്ഞ് പുനരധിവാസം വൈകിപ്പിച്ച് 9 കുടുംബങ്ങളെയാണ് അധികൃതര്‍ വട്ടംകറക്കുന്നതെന്നാണ് പരാതി. പ്രളയത്തില്‍ വീടുകള്‍ പൂര്‍ണമായും തകര്‍ന്നവര്‍ക്ക് വാസ യോഗ്യമല്ലാത്ത ഭൂമി നല്‍കിയത് നേരത്തെ വിവാദമായിരുന്നു. ഇതിനെതിരെ ഉന്നത അധികാരികളെ ബന്ധപ്പെട്ട് ഇരകള്‍ രംഗത്ത് വന്നപ്പോള്‍ നെന്മാറ വല്ലങ്കി വില്ലേജ് ഓഫിസര്‍ ഇരകളുടെ കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങാന്‍ 6 ലക്ഷം രൂപ നല്‍കാമെന്ന് രേഖാമൂലം ഉറപ്പ് നല്‍കി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഭൂമി വാങ്ങുന്നതിനുള്ള പണം അനുവദിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നാണ് പരാതി ഉയരുന്നത്.

ഇപ്പോള്‍ മുഴുവന്‍ പണവും നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞ് വില്ലേജ് ഓഫിസര്‍ ഒഴിഞ്ഞു മാറുകയാണെന്ന് വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ പറയുന്നു. ചേരുക്കാട് ഉരുള്‍പ്പൊട്ടിയ ഭാഗത്ത് താമസിച്ചിരുന്ന ഇബ്രാഹീം, രാജ് കുമാര്‍, സൈനബ, ലീല, മായന്‍, അക്ബര്‍, ഫാത്തിമ, ഫൗജ എന്നിവരുടെ കുടുംബങ്ങളെയാണ് വീട് ലഭ്യമാകാതെ ദുരിതത്തിലായിരിക്കുന്നത്. എഡിഎം, തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍ തുടങ്ങിയവരെയെല്ലാം നിരന്തരം ബന്ധപ്പെട്ടിട്ടും കൃത്യമായ മറുപടി ലഭിക്കുന്നില്ല.

ഇവരുടെ പ്രദേശത്തുകാരന്‍ തന്നെയായ എംഎല്‍എ കെ ബാബു ഇപ്പോഴും പ്രതികാര ബുദ്ധിയോടെയാണ് ഉരുള്‍പ്പൊട്ടല്‍ ഇരകളോട് പെരുമാറി കൊണ്ടിരിക്കുന്നതെന്നും ആക്ഷേപമുണ്ട്. തുടക്കം മുതല്‍ തന്നെ എഎല്‍എ ബാബു അടക്കമുള്ളവര്‍ ഇരകള്‍ പ്രളയദുരിതാശ്വാസ പട്ടികയില്‍ ഉള്‍പ്പെടാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയതെന്നും ആക്ഷേപമുണ്ട്. ഉരുള്‍പൊട്ടലില്‍ പത്തുപേര്‍ മരിച്ച ആതനാട് മലയിലെ കുടുംബങ്ങളെ ഒഴിവാക്കിയാണ് സര്‍ക്കാരിന്റെ പ്രളയബാധിത പട്ടിക പ്രസിദ്ധീകരിച്ചത്. ആതനാട് മേഖലയില്‍ പ്രളയമുണ്ടായിട്ടില്ലെന്ന വിശദീകരണമാണ് ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ നല്‍കിയത്. പ്രളയ ബാധിതരെ അവഗണിക്കുന്നതായുള്ള പരാതി ഉയര്‍ന്നതോടെ എസ്ഡിപിഐ സമരവുമായി രംഗത്തെത്തിയിരുന്നു.

ഇരകളെ സംഘടിപ്പിച്ച് പാലക്കാട് പ്രസ് ക്ലബില്‍ വെച്ച് എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന സക്കീര്‍ ഹുസൈന്റെ നേതൃത്വത്തില്‍ വാര്‍ത്താസമ്മേളനം നടത്തുകയും കൊല്ലങ്കോട്ടെ എംഎല്‍എ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. എസ്ഡിപിഐയുടെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലുകളുടെ ഫലമായാണ് ഇരകള്‍ക്ക് വിടും സ്ഥലവും പാസായത്. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും വീടും സ്ഥലവും അനുവദിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ഇരകളെ ഇനിയും അവഗണിക്കാനാണ് ജനപ്രതിനിധികളുടെയും അധികൃതരുടെയും ഭാവമെങ്കില്‍ പ്രളയബാധിതരെ സംഘടിപ്പിച്ച് പാര്‍ട്ടി ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍ക്കുമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി അറിയിച്ചു.







Tags:    

Similar News