പി സി കുട്ടൻപിള്ള സ്പീക്കിങ് നിർത്തി; ഇനി പുതിയ രൂപത്തിൽ ഉടൻ

സ്ത്രീ വിരുദ്ധത ഉൾപ്പെടെ ആരോപിക്കപ്പെട്ട പരിപാടി പോലിസ് സേനയ്ക്ക് കളങ്കം വരുത്തുമെന്ന വിമർശം കണക്കിലെടുത്താണ് തീരുമാനം.

Update: 2020-06-09 05:30 GMT

തിരുവനന്തപുരം: ഫേസ് ബുക്കിലൂടെ ജനങ്ങളെ ബോധവത്കരിച്ച് ലോകശ്രദ്ധ ആകർഷിച്ച കേരള പോലിസിലെ സോഷ്യൽ മീഡിയ സെൽ പുതിയതായി ആരംഭിച്ച ഓൺലൈൻ പ്രതികരണ പരിപാടിയായ പി സി കുട്ടൻപിള്ള സ്പീക്കിങ് നിർത്തി. പകരം കൂടുതൽ നവീനമായ ബോധവത്കരണ പരിപാടി ആരംഭിക്കുമെന്ന് കേരള പോലിസിന്റെ സോഷ്യൽ മീഡിയ ടീം അറിയിച്ചു.

സ്ത്രീ വിരുദ്ധത ഉൾപ്പെടെ ആരോപിക്കപ്പെട്ട പരിപാടി പോലിസ് സേനയ്ക്ക് കളങ്കം വരുത്തുമെന്ന വിമർശനം കണക്കിലെടുത്താണ് തീരുമാനം. ടിക്ക്ടോക്ക് വീഡിയോകളെ കളിയാക്കി സംസാരിക്കുന്നതാണ് അതിന്റെ ഉള്ളടക്കം.. സൈബർ ആക്രമണത്തിന് ശക്തമായ പ്രേരണ നൽകുന്നതാണ് കുട്ടൻപിള്ള സീരീസ് എന്നായിരുന്നു ഇതിനെതിരേ ഉയർന്ന പ്രധാന ആരോപണങ്ങളിലൊന്ന്.

ജൂൺ ആറിന് യുട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോ ഇതിനോടകം ഏഴ് ലക്ഷത്തിലധികം പേരാണ് കണ്ടത്. നിലവിൽ കേരള പോലിസിന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക്, യുട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പൊതുജനങ്ങൾക്ക് ബോധവത്കരണ പരിപാടികളാണ് നടത്തി വന്നിരുന്നത്. പുതിയതായി അവതരിപ്പിച്ച ഓൺലൈൻ പ്രതിവാര പരിപാടി ബോധവത്കരണത്തിന് ഉതകുന്നതല്ല എന്ന് കണ്ടാണ് പരിപാടിയുടെ ഉള്ളടക്കം മാറ്റാൻ തീരുമാനിച്ചതെന്ന് പോലിസ് ആസ്ഥാനത്തു നിന്നും അറിയിച്ചു.

Tags: