'രണ്ടില' നേട്ടം: നിലപാട് കൂടുതല്‍ കടുപ്പിച്ച് ജോസ് പക്ഷം; വെട്ടിലായി യുഡിഎഫും ജോസഫ് വിഭാഗവും

പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് ബുധനാഴ്ച ചേരാനിരുന്ന യുഡിഎഫ് നേതൃയോഗവും മാറ്റിവച്ചു. 'രണ്ടില' ചിഹ്‌നത്തില്‍ മല്‍സരിച്ച് ജയിച്ചവര്‍ തിരിച്ചുവരണമെന്നും അല്ലാത്തപക്ഷം അയോഗ്യതയുണ്ടാവുമെന്നും ജോസ് കെ മാണി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

Update: 2020-09-01 18:12 GMT

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയിലെ 'രണ്ടില' ചിഹ്നത്തെയും പേരിനെയും ചൊല്ലിയുള്ള തര്‍ക്കത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്ന് അനുകൂല വിധി സമ്പാദിച്ചതോടെ നിലപാട് കൂടുതല്‍ കടുപ്പിച്ച് ജോസ് കെ മാണി വിഭാഗം രംഗത്ത്. ജോസഫ് വിഭാഗത്തിനെതിരേ കൂറുമാറ്റ നിരോധന നിയമം അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോവുമെന്ന് ജോസ് പക്ഷം വ്യക്തമാക്കിയത് യുഡിഎഫിനെയും പി ജെ ജോസഫിനെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുകയാണ്. പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് ബുധനാഴ്ച ചേരാനിരുന്ന യുഡിഎഫ് നേതൃയോഗവും മാറ്റിവച്ചു.

'രണ്ടില' ചിഹ്‌നത്തില്‍ മല്‍സരിച്ച് ജയിച്ചവര്‍ തിരിച്ചുവരണമെന്നും അല്ലാത്തപക്ഷം അയോഗ്യതയുണ്ടാവുമെന്നും ജോസ് കെ മാണി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്ക് നല്‍കിയ വിപ്പ് ലംഘിച്ച ജോസഫ് വിഭാഗം എംഎല്‍എമാര്‍ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് ജോസ് വിഭാഗം. കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കാനാണ് നീക്കം. രണ്ടില ചിഹ്നവും പാര്‍ട്ടിയുടെ പേരും ജോസ് വിഭാഗത്തിന് കമ്മീഷന്‍ അനുവദിച്ചത് ജോസഫ് വിഭാഗത്തെ ഞെട്ടിച്ചു.

ജോസഫിനൊപ്പമുള്ള നേതാക്കള്‍ ജോസ് പക്ഷത്തേക്ക് നീങ്ങുമെന്നും യുഡിഎഫ് ഭയക്കുന്നു. ജോസ് വിഭാഗത്തെ യുഡിഎഫില്‍നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. അതിനിടെ, ജോസ് കെ മാണിയെ യുഡിഎഫ് പുറത്താക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയും നിലപാട് മയപ്പെടുത്തിയെന്ന സൂചന നല്‍കിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നത് ശ്രദ്ധേയമായി. നിയമസഭാ രേഖയില്‍ റോഷി അഗസ്റ്റിനാണ് പാര്‍ട്ടി വിപ്പ്. ആ വിപ്പ് ലംഘിച്ചവര്‍ക്കെതിരേ നിയമപരമായ നടപടിയുണ്ടാവുമെന്നാണ് ജോസ് കെ മാണി വ്യക്തമാക്കുന്നത്.

ജോസഫിന്റെ സ്വാധീനത്തില്‍പെട്ട് പാര്‍ട്ടി വിട്ടവര്‍ക്ക് തിരിച്ചുവരാമെന്നും തദ്ദേശതിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിക്ക് രാഷ്ട്രീയ നിലപാടുണ്ടാവുമെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാര്‍ ജോസ് കെ മാണി പറയുന്നു. രണ്ടില ചിഹ്‌നം തിരികെ കിട്ടിയതിന്റെ ആത്മവിശ്വാസത്തിലാണ് ജോസ് കെ മാണി ക്യാംപ്. ഇനി ജോസ് പക്ഷമില്ല, കേരള കോണ്‍ഗ്രസ് (എം) മാത്രമേയുള്ളൂവെന്നും അദ്ദേഹം പറയുന്നു. വിപ്പ് ലംഘിച്ച പി ജെ ജോസഫിനെയും മോന്‍സ് ജോസഫിനയും അയോഗ്യരാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് ജോസ് കെ മാണി. താഴെത്തട്ടിലും കൂറുമാറിയവര്‍ക്കെതിരേ നടപടിയുണ്ടാവും.

രണ്ടില ചിഹ്‌നത്തില്‍ ജയിച്ച ജനപ്രതിനിധികള്‍ മറുകണ്ടം ചാടിയാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും ജോസ് കെ മാണി മുന്നറിയിപ്പ് നല്‍കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുകൂല ഉത്തരവിന്റെ ചുവടുപിടിച്ച് പരമാവധിയാളുകളെ ഒപ്പംനിര്‍ത്താനാണ് ജോസ് കെ മാണിയുടെ കരുനീക്കം. അതേസമയം, കമ്മീഷന്റെ വിധിക്കെതിരേ നിയമപരമായി നീങ്ങാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം. ചിഹ്‌നത്തിലൊന്നും വലിയ കാര്യമില്ലെന്നായിരുന്നു കമ്മീഷന്റെ വിധി പുറത്തുവന്നതിന് പിന്നാലെയുള്ള പി ജെ ജോസഫിന്റെ ആദ്യപ്രതികരണം.  

Tags:    

Similar News