ചെയർമാൻ സ്ഥാനം: കേരള കോണ്‍ഗ്രസ് (എം) അനുരഞ്ജന ചര്‍ച്ച നാളെ

എംപിമാരും എംഎല്‍എമാരുമുള്‍പ്പെടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഇതില്‍ തീരുമാനമായില്ലെങ്കില്‍ ഇരു വിഭാഗത്തിനും സ്വീകാര്യരായ മധ്യസ്ഥരുടെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ച നടത്തും.

Update: 2019-06-04 07:45 GMT

കോട്ടയം: പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ചുള്ള കേരള കോണ്‍ഗ്രസ് തര്‍ക്കം പരിഹരിക്കുന്നതിനുള്ള അനുരഞ്ജന ചര്‍ച്ച നാളെ കൊച്ചിയില്‍ നടക്കും. എംപിമാരും എംഎല്‍എമാരുമുള്‍പ്പെടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഇതില്‍ തീരുമാനമായില്ലെങ്കില്‍ ഇരു വിഭാഗത്തിനും സ്വീകാര്യരായ മധ്യസ്ഥരുടെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ച നടത്തും.

വിദേശ പര്യടനത്തിന് പോയ മോന്‍സ് ജോസഫും നാളെ തിരികെയെത്തും. അതേസമയം ചെയര്‍മാനെ തീരുമാനിക്കാനുള്ള സംസ്ഥാന കമ്മിറ്റി വിളിച്ച് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം ഇന്നലെ കത്ത് നല്‍കി. നിര്‍ണ്ണായക നീക്കത്തിലൂടെയാണ് ജോസ് കെ മാണി വിഭാഗം പി ജെ ജോസഫിനോട് സംസ്ഥാനസമിതി വിളിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയത്. നേരത്തെ പരസ്യമായി ആവശ്യപ്പെട്ടെങ്കിലും ജോസഫ് വിഭാഗം ഇത് നിരാകരിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ഒപ്പിട്ട കത്ത് റോഷി അഗസ്റ്റിന്‍ എംഎല്‍എയും എന്‍ ജയരാജ് എംഎല്‍എയും ചേര്‍നാണ് ഇന്നലെ രാത്രി പി ജെ ജോസഫിന് കൈമാറിയത്. ഭരണഘടന പ്രകാരം നാലിലൊന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന് ജോസ് കെ മാണി പക്ഷം വിശദീകരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കത്ത് നല്‍കിയത്.

അതിനിടെ, ഇരുവിഭാഗവും നടത്തി വന്നിരുന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം കടുത്തുരുത്തിയില്‍ ജോസ് കെ മാണിയുടെ കോലം കത്തിച്ചതില്‍ പങ്കില്ലെന്ന് കേരള കോണ്‍ഗ്രസ് വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ പോള്‍സണ്‍ ജോസഫ് പറഞ്ഞു. പി ജെ ജോസഫിന്റെ സഹോദരി പുത്രനാണ് പോള്‍സണ്‍.

Tags: