മാണിയുടെ വിശ്വസ്തന്‍ ഇ ജെ ആഗസ്തി ജോസഫ് ഗ്രൂപ്പിനൊപ്പം; യുഡിഎഫ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു
ജോസ് വിഭാഗം എല്‍ഡിഎഫിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് ചുവടുമാറ്റം. ജോസഫിനൊപ്പം ജില്ലാ യുഡിഎഫ് നേതൃയോഗത്തിനെത്തിയ ആഗസ്തിയെ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു.
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തില്‍നിന്നും രാജിവച്ച കെ എം മാണിയുടെ വിശ്വസ്തനും മുതിര്‍ന്ന നേതാവുമായ ഇ ജെ ആഗസ്തി പി ജെ ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്നു. ജോസ് വിഭാഗം എല്‍ഡിഎഫിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് ചുവടുമാറ്റം. ജോസഫിനൊപ്പം ജില്ലാ യുഡിഎഫ് നേതൃയോഗത്തിനെത്തിയ ആഗസ്തിയെ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അദ്ദേഹത്തെ ഷാള്‍ അണിയിച്ചത്.
കേരള കോണ്‍ഗ്രസിന്റെ നെടുംതൂണായിരുന്ന ആഗസ്തിയുടെ രാജി ജോസ് കെ മാണി വിഭാഗത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. കെ എം മാണിയുടെ കാലത്ത് 25 വര്‍ഷം കോട്ടയം ജില്ലാ അധ്യക്ഷനായിരുന്നു. കഴിഞ്ഞദിവസം പി ജെ ജോസഫും മറ്റു നേതാക്കളും ആഗസ്തിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. നാല് പതിറ്റാണ്ട് നീണ്ട യുഡിഎഫ് ബന്ധം വിച്ഛേദിച്ച് എല്‍ഡിഎഫിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ജോസ് കെ മാണിയുടെ തീരുമാനം ആത്മഹത്യാപരമാണെന്ന് ആഗസ്തി പ്രതികരിച്ചു. ജോസഫ് എം പുതുശേരിക്ക് പിന്നാലെയാണ് മറ്റൊരു പ്രമുഖ നേതാവ് കൂടി ജോസ് പക്ഷം വിട്ടിരിക്കുന്നത്.
2017 ല്‍ കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസ് സിപിഎം പിന്തുണയോടെ അധികാരത്തിലെത്തിയതില്‍ പ്രതിഷേധിച്ച് ആഗസ്തി ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിയെങ്കിലും പാര്‍ട്ടിയില്‍ സജീവമായിരുന്നു. ജോസ് കെ മാണി ഇടത് മുന്നണി പ്രവേശനം പ്രഖ്യാപിക്കുന്ന ദിവസം ആഗസ്തിയുടെ അസാന്നിധ്യം ചര്‍ച്ചയായി. കഴിഞ്ഞദിവസം പിജെ ജോസഫും മറ്റ് നേതാക്കളും ആഗസ്തിയുടെ മോനിപ്പള്ളിയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി.
മോന്‍സ് ജോസഫിന് പകരം ആഗസ്തിയെ ജില്ലാ യുഡിഎഫ് ചെയര്‍മാനാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. അല്ലെങ്കില്‍ മറ്റെതെങ്കിലും സുപ്രധാന പദവിയാണ് വാഗ്ദാനം. തദ്ദേശതിരഞ്ഞെടുപ്പിന് മുമ്പ് ജോസ് പക്ഷത്തെ പരമാവധി നേതാക്കളെയും പ്രവര്‍ത്തകരെയും മറുകണ്ടം ചാടിക്കാനാണ് പി ജെ ജോസഫിന്റെ നേതൃത്വത്തില്‍ യുഡിഎഫിന്റെ നീക്കം.
