സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ ഒമ്പതിന്

Update: 2021-01-15 01:19 GMT

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ 2021-22 സാമ്പത്തികവര്‍ഷത്തേക്കുള്ള അവസാന ബജറ്റ് ഇന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ ഒമ്പതിന് ബജറ്റ് അവതരണം ആരംഭിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ക്ഷേമവാഗ്ദാനങ്ങളായിരിക്കും ഏറെയും മുന്നില്‍വയ്ക്കുക. എല്ലാ മേഖലകളിലെയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശമുണ്ടാവും.

കൊവിഡ് തൊഴിലില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിട്ടവരെ സഹായിക്കാനുള്ള പദ്ധതികളുമുണ്ടാവും. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം കൂട്ടില്ലെന്നാണ് വിവരം. കെ-ഫോണ്‍, ഇ-വെഹിക്കിള്‍ വ്യാപനം, എല്‍എന്‍ജി സാധ്യത ഉപയോഗപ്പെടുത്തല്‍ തുടങ്ങിയ മേഖലകളില്‍ വലിയ പ്രോല്‍സാഹനം നല്‍കാനാണു സാധ്യത. വര്‍ക്ക്ഫ്രം ഹോം സാധ്യതകള്‍ ഉപയോഗിച്ച് സ്ത്രീകളുടെ തൊഴിലില്ലായ്മ പ്രശ്‌നത്തിന് പരിഹാരംകാണുന്ന പദ്ധതി പ്രഖ്യാപിക്കും. കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് ലഭ്യമാവുന്ന കെ-ഫോണ്‍ ശൃംഖലയുമായി ബന്ധിപ്പിച്ചായിരിക്കും ഇത്.

ക്ഷേമപെന്‍ഷന്‍ 100 രൂപ കൂടി കൂട്ടുമെന്നാണ് സൂചനകള്‍. കൊവിഡ് പ്രശ്‌നങ്ങള്‍ പൂര്‍ണമായും ഒഴിയുംവരെ നിലവിലെ ആശ്വാസ നടപടികള്‍ തുടരുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു. ആരോഗ്യം, പൊതുവിതരണം, തദ്ദേശ സ്വയംഭരണം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ തുക നീക്കിവയ്ക്കും. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് തൊഴില്‍ നഷ്ടവും മടങ്ങിവരവും തീവ്രമായ ഘട്ടത്തില്‍ കേരളം കൈവിടില്ലെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം. ഇന്നത്തെ ബജറ്റില്‍ പ്രവാസികള്‍ക്ക് അനുകൂലമായ പ്രഖ്യാപനങ്ങളുണ്ടാവുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.

Tags:    

Similar News