സിഎഫ്എല്‍, ഫിലമെന്റ് ബൾബുകളുടെ വില്‍പ്പന നിരോധിക്കുമെന്ന് പ്രഖ്യാപനം

സുരക്ഷിതമായി നശിപ്പിച്ചില്ലെങ്കില്‍ വന്‍പാരിസ്ഥിതിക പ്രശ്നങ്ങളാണ് സിഎഫ്എല്‍ ഉണ്ടാക്കുന്നത്. ഓരോ സിഎഫ്എല്‍ ബള്‍ബിലും 0.5 മില്ലിഗ്രാം മെര്‍ക്കുറിയാണ് അടങ്ങിയിരിക്കുന്നത്.

Update: 2020-02-07 10:00 GMT

തിരുവനന്തപുരം: സിഎഫ്എല്‍, ഫിലമെന്റ് ബൾബുകളുടെ വില്‍പ്പന ഈ വര്‍ഷം നവംബര്‍ മുതല്‍ നിരോധിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. വൈദ്യുതി ലാഭിക്കാനായി ഇന്ന് മിക്ക വീടുകളിലും ഉപയോഗിക്കുന്ന ബള്‍ബ് ആണ് സിഎഫ്എല്‍. എന്നാല്‍, മറ്റു ബള്‍ബുകള്‍ നശിപ്പിക്കുന്നതുപോലെ സിഎഫ്എല്‍ നശിപ്പിക്കുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന മെര്‍ക്കുറി ഭൂമിയില്‍ കലരുന്നത് പാരിസ്ഥിതിക ദുരന്ത ഭീഷണിക്കിടയാക്കുകയാണ്. ഇതാണ് ഇവയുടെ നിരോധനത്തിലേക്ക് സര്‍ക്കാര്‍ നീങ്ങാന്‍ കാരണം.

സാധാരണ ബള്‍ബുകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ സിഎഫ്എല്ലിന് കുറച്ചു വൈദ്യുതി മാത്രം മതി. വലിയ പ്രചാരണം കൂടി നല്‍കിയതോടെ ഗാര്‍ഹിക ഉപയോക്താക്കള്‍ പൂര്‍ണമായും സിഎഫ്എല്ലിലേക്ക് തിരിഞ്ഞു. ജനങ്ങള്‍ വിപണിയില്‍ നിന്നും സിഎഫ്എല്‍ വാങ്ങി ഉപയോഗിച്ചു തുടങ്ങി. എന്നാല്‍ ഉപയോഗശൂന്യമായ സിഎഫ്എല്ലുകള്‍ കുന്നുകൂടിയതോടെയാണ് പരിസ്ഥിതി ദുരന്ത ഭീഷണി തുടങ്ങിയത്. സുരക്ഷിതമായി നശിപ്പിച്ചില്ലെങ്കില്‍ വന്‍പാരിസ്ഥിതിക പ്രശ്നങ്ങളാണ് സിഎഫ്എല്‍ ഉണ്ടാക്കുന്നത്. ഓരോ സിഎഫ്എല്‍ ബള്‍ബിലും 0.5 മില്ലിഗ്രാം മെര്‍ക്കുറിയാണ് അടങ്ങിയിരിക്കുന്നത്. ആറായിരം ഗാലണ്‍ ശുദ്ധജലത്തെ മലിനീകരിക്കുന്നതിന് ഇത് പര്യാപ്തമാണ്. ഈ മെര്‍ക്കുറി ഭൂമിയില്‍ കലര്‍ന്നാല്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുന്നു.

മറ്റ് ബള്‍ബുകള്‍ നശിപ്പിക്കുന്നതുപോലെ സിഎഫ്എല്‍ ഉപേക്ഷിക്കുകയോ പൊട്ടിക്കുകയോ ചെയ്യുമ്പോള്‍ മെര്‍ക്കുറി നേരിട്ട് ഭൂമിയില്‍ കലരുകയാണ് ചെയ്യുന്നത്. ജലാശയത്തില്‍ എത്തിപ്പെട്ടാല്‍ മത്സ്യസമ്പത്ത് ഉള്‍പ്പെടെയുള്ളവയുടെ നാശത്തിന് ഇടയാക്കുകയും ചെയ്യും. മാത്രമല്ല, ഇത്തരം ബള്‍ബില്‍ നിന്നും പുറത്തുവരുന്ന രശ്മികള്‍ സ്തനാര്‍ബുദം പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. സിഎഫ്എല്‍ പൊട്ടി ഉള്ളിലുള്ള മെര്‍കുറി പുറത്ത് വരുമ്പോള്‍ ശ്വസിക്കുന്നവര്‍ക്ക് ബ്രോക്കറ്റിസ് പോലുള്ള രോഗങ്ങള്‍ വരാറുണ്ടെന്ന് പറയുന്നു. മെര്‍ക്കുറി വെള്ളത്തില്‍ കലരുന്നതോടെ കുടിവെള്ളം മലിനമാവുകയും ലുക്കീമിയ, വന്ധ്യത, ക്യാന്‍സര്‍ പോലുള്ളവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാവുകയും ചെയ്യുന്നു.

Tags:    

Similar News