കിഫ്ബിക്കായി ബജറ്റിൽ കൂടുതൽ തുക മാറ്റിവച്ചു

കിഫ്ബി വഴി 20 ഫ്‌ളൈ ഓവർ, 74 പാലങ്ങൾ, 44 സ്‌റ്റേഡിയങ്ങൾ എന്നിവ നിർമിക്കും. 4383 കോടിയുടെ കുടിവെള്ള പദ്ധതികൾ നടപ്പാക്കും.

Update: 2020-02-07 09:30 GMT

തിരുവനന്തപുരം: ബജറ്റിൽ കിഫ്ബിക്ക് കൂടുതൽ തുക മാറ്റിവച്ചു. കിഫ്ബി 2020-21 കാലയളവിൽ 20,000 കോടി ചെലവഴിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. കിഫ്ബി വഴി 20 ഫ്‌ളൈ ഓവർ, 74 പാലങ്ങൾ, 44 സ്‌റ്റേഡിയങ്ങൾ എന്നിവ നിർമിക്കും. 4383 കോടിയുടെ കുടിവെള്ള പദ്ധതികൾ നടപ്പാക്കും. കിഫ്ബി സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പുതുതായി വ്യവസായ പാർക്കുകൾക്ക് സ്ഥലമേറ്റെടുക്കുന്നതിനായി 14,275 കോടി രൂപയുടെയും ദേശീയ പാതയ്ക്ക് സ്ഥലമേറ്റെടുക്കുന്നതിന് 5324 കോടി രൂപയുടെയും പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്. ഇങ്ങനെ കിഫ് ബി അംഗീകാരം നൽകിയ പദ്ധതികളുടെ അടങ്കൽ 54678 കോടി രൂപയാണ് ഇവയിൽ 13617 കോടി പദ്ധതികൾ ടെൻഡർ വിളിച്ച് കഴിഞ്ഞു. 4500 കോടിയുടെ പ്രവർത്തനം പൂർത്തീകരിച്ചു.

കേന്ദ്ര സർക്കാരിന്റെ ഈ അറുപിന്തിരിപ്പൻ നയത്തിന്റെ പശ്ചാത്തലത്തിലാണ് ബജറ്റിന് പുറത്ത് കിഫ്ബി വഴി 50,000 കോടി രൂപ വായ്പയെടുത്ത് കേരളത്തിൽ മുതൽ മുടക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതെന്ന് ധനമന്ത്രി വ്യക്തമാക്കി. അതിനുള്ള നിയമം ഏക കണ്ഠമായാണ് പാസാക്കിയത്. എന്നാൽ വലിപ്പം കൊണ്ടും സങ്കീർണതകൊണ്ടും ഇത്രയേറെ വലിപ്പമുള്ള ഒരു പദ്ധതി ദിവാസ്വപ്‌നമായി മാറുമെന്നാണ് പലരും വിമർശിച്ചു. എന്നാൽ ഇന്ന് കൂടുതൽ കൂടുതൽ കിഫ്ബി പ്രോജക്ടുകൾ ലഭിക്കുന്നതിന് വേണ്ടി എല്ലാവരും മത്സരിക്കുകയാണ്. 675 പ്രോജക്ടുകളിലായി 35268 കോടി പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകി.

പണമുണ്ടാവില്ല എന്നായി അപ്പോൾ വിമർശനം. ഇത്തരം സന്ദേഹവാഹികളെ മസാല ബോണ്ട് നിശബ്ദരാക്കി. ഈ കടം പിന്നെ എങ്ങനെ തിരിച്ചടക്കും എന്നുള്ളതായിരുന്നു പിന്നീടുള്ള വേവലാതി. നിയമസഭ പാസ്സാക്കിയ വ്യവസ്ഥയിൽ പറയുന്നത് പോലെ മോട്ടാർ വാഹന നികുതിയുടെ പകുതിയും പെട്രോൾ സെസ്സും 15 വർഷം നൽകിയാൽ വായ്പയും പലിശയും തിരിച്ചടക്കാൻ ആകുമെന്ന് ഈ നിയമസഭയിൽ വിശദമായ കണക്കുവെച്ച് വിശദമാക്കിയിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു.

മാന്ദ്യം അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം നമുക്ക് ഉണ്ടെന്ന് പറഞ്ഞ ധനമന്ത്രി ഗൾഫ് പ്രതിസന്ധിയും നാണ്യവിള തകർച്ചയും മൂലം മാന്ദ്യം കേരളത്തിൽ സൃഷ്ടിക്കാവുന്ന വെല്ലുവിളികളും ഗൗരവമായ സ്ഥിതിയും മുൻകൂട്ടി കണ്ടുകൊണ്ടാണ് 2016-17 ബ്ജറ്റിൽ മാന്ദ്യ വിരുദ്ധ പാക്കേജ് പ്രഖ്യാപിച്ചതെന്ന് പറഞ്ഞു. മാന്ദ്യകാലത്ത് നോട്ടുനിരോധനം പോലുള്ള ഭ്രാന്തൻ നടപടികളാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടത് എന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

Tags:    

Similar News