സംസ്ഥാന ബജറ്റ് തികച്ചും ജനദ്രോഹകരം: പ്രതിപക്ഷം

ഭൂമിയുടെ ന്യായവില പത്ത് ശതമാനം വർധിപ്പിച്ചതും പോക്ക് വരവിന് ഫീസ് വർധിപ്പിച്ചതും കെട്ടിടനികുതി വർധിപ്പിച്ചതും സാധാരണക്കാരനെ ഗുരുതരമായി ബാധിക്കും.

Update: 2020-02-07 09:00 GMT

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ബജറ്റ് തികച്ചും ജനദ്രോഹകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭൂമിയുടെ ന്യായവില പത്ത് ശതമാനം വർധിപ്പിച്ചതും പോക്ക് വരവിന് ഫീസ് വർധിപ്പിച്ചതും കെട്ടിടനികുതി വർധിപ്പിച്ചതും സാധാരണക്കാരനെ ഗുരുതരമായി ബാധിക്കും. വലിയ സാമ്പത്തിക ഭാരമാണ് ഈ ബജറ്റ് ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുക. ഇപ്പോൾത്തന്നെ തകർന്നുകിടക്കുന്ന റിയൽ എസ്‌റ്റേറ്റ് മേഖലയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങൾ. നേരേ ചൊവ്വേ നികുതി പിരിക്കാനറിയാത്ത സർക്കാരാണ് അമിതഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ ബജറ്റ് അവതരണത്തിന്റെ ചുവട് പിടിച്ച് വാചകകസർത്തുകൾ മാത്രമാണ് സംസ്ഥാന ബജറ്റിലുള്ളത്. കഴിഞ്ഞ തവണയും ഇടുക്കി, വയനാട്, കുട്ടനാട് പാക്കേജുകൾ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തുകയൊന്നും ചെലവഴിച്ചില്ല. ഇത്തവണ തുക കൂട്ടി ഈ പാക്കേജുകൾ വീണ്ടും പ്രഖ്യാപിച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. തദ്ദേശഭരണസ്ഥാപനങ്ങൾക്ക് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച തുക ഇതുവരെ നൽകിയിട്ടില്ല. ഇത്തവണ വീണ്ടും കപടവാഗ്ദാനവുമായി സർക്കാർ രംഗത്തെത്തിയിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

Tags:    

Similar News