തിരഞ്ഞെടുപ്പ് രംഗത്തുനിന്ന് വിട്ടുനില്‍ക്കല്‍; ശോഭാ സുരേന്ദ്രനോട് കേന്ദ്രനേതൃത്വം വിശദീകരണം തേടും

ബിജെപിയുടെ പൊതുപരിപാടികളില്‍നിന്നും ചാനല്‍ ചര്‍ച്ചകളില്‍നിന്നും മാസങ്ങളായി വിട്ടുനിന്ന ശോഭാ സുരേന്ദ്രന്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും ഉള്‍വലിഞ്ഞത് പാര്‍ട്ടിക്കുള്ളില്‍ വലിയതോതില്‍ ചര്‍ച്ചയായി. ദേശീയനേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിട്ടും ശോഭാ സുരേന്ദ്രന്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറായിരുന്നില്ല.

Update: 2020-12-22 16:19 GMT

കോഴിക്കോട്: സംസ്ഥാന ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനോട് കേന്ദ്രനേതൃത്വം വിശദീകരണം ആവശ്യപ്പെടും. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് രംഗത്തുനിന്നും വിട്ടുനില്‍ക്കുകയും ആര്‍എസ്എസ്സിന്റെ നിര്‍ദേശങ്ങള്‍ അവഗണിക്കുകയും ചെയ്തതിന്റെ പേരിലാണ് ശോഭാ സുരേന്ദ്രനോട് ബിജെപി കേന്ദ്രനേതൃത്വം വിശദീകരണം ചോദിക്കാന്‍ മുതിരുന്നത്. ബിജെപിയിലെ പുനസംഘടനയെച്ചൊല്ലിയാണ് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും തമ്മിലുള്ള പോര് മൂര്‍ച്ഛിച്ചത്.

ബിജെപിയുടെ പൊതുപരിപാടികളില്‍നിന്നും ചാനല്‍ ചര്‍ച്ചകളില്‍നിന്നും മാസങ്ങളായി വിട്ടുനിന്ന ശോഭാ സുരേന്ദ്രന്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും ഉള്‍വലിഞ്ഞത് പാര്‍ട്ടിക്കുള്ളില്‍ വലിയതോതില്‍ ചര്‍ച്ചയായി. ദേശീയനേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിട്ടും ശോഭാ സുരേന്ദ്രന്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറായിരുന്നില്ല. ഇതോടെയാണ് ശോഭയോട് വിശദീകരണം ആവശ്യപ്പെടാനുള്ള കേന്ദ്രനേതൃത്വത്തിന്റെ നീക്കം. അതേസമയം, ശോഭയ്‌ക്കെതിരേ കടുത്ത നടപടിയെടുക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്നും വിട്ടുനിന്ന സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വത്തെ പിണക്കാതിരിക്കാന്‍ വിശദീകരണം തേടുക മാത്രമായിരിക്കും ചെയ്യുക. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ സമ്മര്‍ദം ശക്തമാണെങ്കിലും തിരക്കിട്ട് നടപടി എയടുത്താല്‍ പാര്‍ട്ടിയില്‍ വലിയ വിമതശബ്ദമുയരുമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.

നിലവിലെ സാഹചര്യത്തില്‍ സുരേന്ദ്രനുമായി യാതൊരു തരത്തിലും ഒത്തുപോവാന്‍ കഴിയില്ലെന്ന നിലപാടിലാണ് ശോഭ. ഫലത്തില്‍ ശോഭ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാവാന്‍ സാധ്യത കുറവാണ്. ആറുമാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശോഭയുടെ കാര്യത്തില്‍ ആശയകുഴപ്പത്തിലാണ് പാര്‍ട്ടി കേന്ദ്രനേതൃത്വം. ദേശീയ നേതൃത്വത്തില്‍ എന്തെങ്കിലും പുതിയ സ്ഥാനമാനങ്ങള്‍ നല്‍കി ശോഭയെ മാറ്റാനും നീക്കമുണ്ട്. നിലവിലെ സാഹചര്യത്തില്‍ സുരേന്ദ്രനൊപ്പമാണ് ബിജെപി കേന്ദ്രനേതൃത്വം. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ അടക്കമുള്ളവര്‍ ഇക്കാര്യം അറിയിച്ചുകഴിഞ്ഞു. സംസ്ഥാനതലത്തില്‍ പുനസ്സംഘടന വേണമെന്ന കടുത്ത നിലപാടാണ് ശോഭയെ അനുകൂലിക്കുന്നവര്‍ ഉന്നയിക്കുന്നത്. എന്നാല്‍, ഇതിനോട് സംസ്ഥാന, കേന്ദ്രനേതൃത്വത്തിന് താല്‍പര്യമില്ല എന്നതാണ് വസ്തുത.

പുനസ്സംഘടനയില്‍ തന്നെ തരംതാഴ്ത്തിയെന്നാരോപിച്ച് സുരേന്ദ്രനെതിരേ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് ശോഭാ സുരേന്ദ്രന്‍ കത്തയച്ചതോടെയാണ് ഭിന്നത മറനീക്കി പുറത്തുവന്നത്. അഞ്ചുവര്‍ഷം ദേശീയ നിര്‍വാഹക സമിതി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന തന്നെ ഏകപക്ഷീയമായി വൈസ് പ്രസിഡന്റായി തരം താഴ്ത്തിയെന്നാണ് ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്രമന്ത്രി അമിത് ഷാ, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് അയച്ച കത്തില്‍ ശോഭ ആരോപിച്ചത്. സുരേന്ദ്രന് തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് ഇതിനു കാരണം.

ജനറല്‍ സെക്രട്ടറി പദത്തില്‍നിന്നു തനിക്കൊപ്പം ഒഴിവാക്കിയ എ എന്‍ രാധാകൃഷ്ണനെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ തന്നെ ആ വേദിയില്‍നിന്ന് പുറത്താക്കി. ദേശീയ നിര്‍വാഹകസമിതി അംഗം കൂടിയായ ഒരാളുടെ പദവി മാറ്റം മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ചുവേണമെന്നിരിക്കെ ഒ രാജഗോപാല്‍ അടക്കമുള്ളവരോട് ചര്‍ച്ച ചെയ്തില്ല. ജനറല്‍ സെക്രട്ടറി പദത്തില്‍നിന്ന് ഒഴിവാക്കിയോ എന്നുചോദിച്ചപ്പോള്‍ 'യോഗ്യതയുടെ അടിസ്ഥാനത്തിലാണു ഭാരവാഹികളെ നിശ്ചയിച്ചത്' എന്നാണു സുരേന്ദ്രന്‍ പ്രതികരിച്ചത്.

സഹഭാരവാഹിയായ തനിക്ക് യോഗ്യതയില്ലെന്ന് പരസ്യമായി പറയുന്നത് അച്ചടക്കലംഘനമാണ്. പി എസ് ശ്രീധരന്‍പിള്ള പ്രസിഡന്റായിരുന്നപ്പോള്‍ 2004 ല്‍ വൈസ് പ്രസിഡന്റായ തന്റെ രാഷ്ട്രീയജീവിതത്തെ 16 വര്‍ഷം പിറകിലേക്ക് കൊണ്ടുപോവുകയാണു അതേ പദവി നല്‍കി സുരേന്ദ്രന്‍ ചെയ്തത്. എന്നിട്ടും മൗനം പാലിക്കുകയും പാര്‍ട്ടിക്കെതിരേ ഒരു വാക്ക് പറയാതെ നോക്കുകയും ചെയ്തുവെന്ന് കത്തില്‍ ശോഭ ചൂണ്ടിക്കാട്ടിയിരുന്നു.

Tags: