ലാഭക്കൊതി മാത്രമുള്ള ബാങ്കുകൾക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്ക്: മുഖ്യമന്ത്രി

കേരളത്തിലെ ഒന്നാമത്തെ ബാങ്കാകാൻ കേരളബാങ്കിന് അധികകാലം വേണ്ടിവരില്ല. നിലവിൽ രണ്ടാമത്തെ വലിയ ബാങ്കാണിത്. 1216 ശാഖകളും 1,53,000 കോടി നിക്ഷേപവുമുള്ള എസ്ബിഐയാണ് ഒന്നാമത്.

Update: 2020-01-20 07:52 GMT

തിരുവനന്തപുരം: ലാഭക്കൊതി മാത്രമുള്ള ബാങ്കുകൾക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ബാങ്കിന്റെ ലോഗോ പ്രകാശനം അദ്ദേഹം നിർവഹിച്ചു. കേരളത്തിന്റെയാകെ ബാങ്കിംഗ് ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണ് കേരളബാങ്ക് ശൃംഖല. 


കേരളത്തിലെ ഒന്നാമത്തെ ബാങ്കാകാൻ കേരളബാങ്കിന് അധികകാലം വേണ്ടിവരില്ല. നിലവിൽ രണ്ടാമത്തെ വലിയ ബാങ്കാണിത്. 1216 ശാഖകളും 1,53,000 കോടി നിക്ഷേപവുമുള്ള എസ്ബിഐയാണ് ഒന്നാമത്. കേരളബാങ്കിന് ആദ്യഘട്ടം 825 ശാഖകളും 65,000 കോടിയുടെ നിക്ഷേപവുമുണ്ട്. ഇതിനുപുറമേ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് 1625 ഉം ലൈസൻസ്ഡ് അർബൻ ബാങ്കുകൾക്ക് 60 ഉം ശാഖകളുണ്ട്. ഇവയെല്ലാം കൂടിയുള്ളതാണ് കേരള ബാങ്കിന്റെ അംഗത്വം. ഈ ശൃംഖലയ്ക്ക് സംസ്ഥാനതാത്പര്യങ്ങൾ സംരക്ഷിക്കാനും ഉയർത്തിപ്പിടിക്കാനുമാകും. അതുകൊണ്ടുതന്നെ, അടുത്ത മൂന്നുവർഷം കൊണ്ട് മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപം യാഥാർഥ്യമാക്കുക എന്നത് അതിരുകവിഞ്ഞ സ്വപ്നമല്ല. കാർഷികവായ്പ പടിപിടിയായി ഉയർത്തുകയും കേരള ബാങ്കിന്റെ ലക്ഷ്യമാണ്.

കേരള ബാങ്ക് രൂപീകരിക്കുമ്പോൾ ക്രെഡിറ്റ് മേഖലയുടെ സഹകരണസ്വഭാവം നഷ്ടപ്പെടുമെന്ന വാദം ശരിയല്ല. സഹകരണ ചട്ടങ്ങളും നിയമങ്ങളും പൂർണമായി പാലിച്ച് ബാങ്ക് മുന്നോട്ടുപോകുന്നതിനാൽ സഹകണസ്വഭാവം കൂടുതൽ ശക്തമാകും. സംസ്ഥാന സഹകരണ ബാങ്കിനുൾപ്പെടെ നിലവിൽ ആർബിഐ നിയന്ത്രണം ഉള്ളതിനാൽ കേരളബാങ്കിനുള്ള ആർബിഐ നിയന്ത്രണത്തെ പ്രശ്നമായി കാണേണ്ടതില്ല. ഒരു വഴിവിട്ട നീക്കത്തിനും ഇടവരില്ല എന്നതിനാൽ സാമ്പത്തിക അച്ചടക്കമുണ്ടാകുന്നത് ബാങ്കിന്റെ വളർച്ചക്ക് സഹായമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News