വര്‍ഗീയതയ്‌ക്കെതിരേ വോട്ടവകാശം വിനിയോഗിക്കുക: ജംഇയ്യത്ത് ഉലമാ എ ഹിന്ദ് കേരള

കഴിഞ്ഞദിവസം ആലുവയില്‍ നടന്ന ജംഇയ്യത്ത് ഉലമാ എ ഹിന്ദ് സംസ്ഥാന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Update: 2021-03-22 12:51 GMT

ഓച്ചിറ: തിരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കുന്ന നിര്‍ണായക സമയത്ത് സുചിന്തിതമായ നിലപാടുകളെടുത്ത് വോട്ടവകാശം വിനിയോഗിക്കണമെന്ന് ജംഇയ്യത്ത് ഉലമാ എ ഹിന്ദ് കേരളാ ഘടകം അധ്യക്ഷന്‍ മൗലാനാ പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി മുഴുവന്‍ ജനങ്ങളോടും ആഹ്വാനം ചെയ്തു. കഴിഞ്ഞദിവസം ആലുവയില്‍ നടന്ന ജംഇയ്യത്ത് ഉലമാ എ ഹിന്ദ് സംസ്ഥാന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാഷിസ്റ്റ് ഭരണകൂടം കശ്മീര്‍, അസം, യുപി, ബംഗാള്‍, കേരളം, ലക്ഷദ്വീപ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തങ്ങളുടെ ഭരണകൂട സ്വാധീനമുപയോഗിച്ച് കടന്നുകയറി സമൂഹത്തില്‍ ഭിന്നിപ്പും ഭീകരതയും വര്‍ഗീയതയും കുത്തിനിറക്കാന്‍ എല്ലാ ആയുധങ്ങളും വിഭവശേഷിയും ഉപയോഗിച്ച് കിണഞ്ഞുശ്രമിക്കുകയാണ്. ഈ സാഹചര്യത്തില്‍ തങ്ങളുള്‍പ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടിയുടെ ലാഭത്തിനപ്പുറം ഭാവി ഫാഷിസ്റ്റ് ദുരന്തത്തെ ചെറുക്കുന്നതില്‍ ആത്മാര്‍ഥതയുള്ള പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും വിജയം ഉറപ്പുവരുത്തുക എന്നത് സമാധാന ജീവിതം രാജ്യത്ത് നിലനില്‍ക്കാന്‍ അനിവാര്യമാണെന്ന് സംസ്ഥാന സമിതി യോഗം വിലയിരുത്തി.

എല്ലാവരും വികസനത്തിന്റെ വലിയ വാഗ്ദാനങ്ങളാണ് നല്‍കുന്നതെങ്കിലും രാജ്യത്തിന്റെ കാതലായ പ്രശ്‌നം വര്‍ഗീയതയാണ് എന്നത് ആരും മറക്കരുത്. വര്‍ഗീയത വളരുന്നതോടുകൂടി വികസനവും ഉണ്ടാവല്‍ നാശത്തെ വര്‍ധിപ്പിക്കുക മാത്രമേയുള്ളൂ. അതുകൊണ്ട് രാജ്യത്തിന്റെ മഹത്തായ സംസ്‌കാരം കൂടിയായ മാനവികതയെ ഉയര്‍ത്തിപ്പിടിക്കുകയും വര്‍ഗീയതയെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്ന വ്യക്തികളെയും പാര്‍ട്ടികളെയും പിന്തുണയ്‌ക്കേണ്ടതും അവരോട് ഇക്കാര്യങ്ങള്‍ വ്യക്തമായി പറയുകയും ചെയ്യേണ്ടതാണെന്ന് യോഗം ഉണര്‍ത്തി.

ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള സംസ്ഥാന പ്രസിഡന്റ് മൗലാനാ പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി എച്ച് അലിയാര്‍ ഖാസിമി, മൗലാനാ അബ്ദുല്‍ ഗഫാര്‍ കൗസരി, മൗലാനാ അബ്ദുശ്ശുക്കൂര്‍ അല്‍ഖാസിമി, മൗലാനാ മുഹമ്മദ് ശരീഫ് അല്‍ കൗസരി, സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങള്‍, ഡോ.ഖാസിമുല്‍ ഖാസിമി, അബ്ദുസ്സലാം മൗലവി എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News