ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേയാണ് എസ് ഡിപിഐ മല്‍സരിക്കുന്നത്: അഷ്‌റഫ് പുത്തനത്താണി

Update: 2021-03-26 13:04 GMT

തിരൂര്‍: ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്ത മുന്നണി രാഷ്ട്രീയത്തിനെതിരായി ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ ജനകീയ ബദല്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് മല്‍സരിക്കുന്നതെന്ന് എസ്ഡിപിഐ തിരൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി അഷ്‌റഫ് പുത്തനത്താണി. തിരൂര്‍ പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുമുന്നണികളും കേരളത്തെ മുന്നോട്ടുനയിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു.

ബിജെപി വര്‍ഗീയത പറഞ്ഞ് ശക്തിപ്പെടാനാണ് ശ്രമിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ പാര്‍ട്ടി ശക്തമായ പ്രതിരോധം തീര്‍ക്കും. ബിജെപിയും ആര്‍എസ്എസ്സും ഉള്‍പ്പെടുന്ന സംഘപരിവാരം മാത്രമാണ് ഞങ്ങളുടെ ശത്രുക്കള്‍. അവര്‍ രാജ്യത്തിന്റെയും ശത്രുക്കളാണ്. നാട്ടില്‍ ജനാധിപത്യവും മതേതരത്വവും അട്ടിമറിച്ച് ഹിന്ദുരാജ്യം സ്ഥാപിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇതിനെ പരാജയപ്പെടുത്തുക തന്നെ വേണം- അദ്ദേഹം പറഞ്ഞു.

തിരൂരിന്റെ വികസനകാര്യത്തിലും എല്‍ഡിഎഫും യുഡിഎഫും തികഞ്ഞ പരാജയമാണ്. രണ്ട് ദശാബ്ദമായി മൂന്ന് പാലങ്ങള്‍ നോക്കുകുത്തികളായി തുടരുന്നു. ഈ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയ്ക്ക് വോട്ട് കൂടുക മാത്രവുമല്ല, വിജയവും പ്രതീക്ഷിക്കുന്നുണ്ട്. രണ്ട് മുന്നണികളും ഞങ്ങള്‍ക്ക് തുല്യരാണെങ്കിലും ശത്രുക്കളല്ല- അഷ്‌റഫ് പുത്തനത്താണി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News