നിയമസഭാ തിരഞ്ഞൈടുപ്പ് : എറണാകുളം ജില്ലയില്‍ നിന്നും മല്‍സരിച്ച സ്ഥാനാര്‍ഥികള്‍ ജൂണ്‍ ഒന്നിന് മുമ്പ് കണക്ക് നല്‍കണം

കണക്കുകള്‍ തയ്യാറാകുന്നതിന് പ്രാപ്തമാക്കാന്‍ സ്ഥാനാര്‍ഥികള്‍ക്കും അവരുടെ തിരഞ്ഞെടുപ്പ് ഏജന്റ് മാര്‍ക്കുമായി ഫെസിലിറ്റേഷന്‍ ട്രെയിനിംഗ് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടത്തും

Update: 2021-05-20 16:52 GMT

കൊച്ചി: നിയമസഭയിലേക്ക് എറണാകുളം ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ നിന്ന് മല്‍സരിച്ച സ്ഥാനാര്‍ഥികള്‍ ജൂണ്‍ ഒന്നിനു മുമ്പായി അവരുടെ തെരഞ്ഞെടുപ്പ് വരവ് ചെലവ് കണക്കുകള്‍ ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ മുമ്പാകെ നിര്‍ദ്ദിഷ്ട മാതൃകയില്‍ സമര്‍പ്പിക്കണം . ഇത്തരത്തില്‍ അന്തിമ വരവ് ചെലവ് കണക്കുകള്‍ തയ്യാറാകുന്നതിന് പ്രാപ്തമാക്കുന്നതിനായി സ്ഥാനാര്‍ഥികള്‍ക്കും അവരുടെ ിതരഞ്ഞെടുപ്പ് ഏജന്റ് മാര്‍ക്കുമായി ഫെസിലിറ്റേഷന്‍ ട്രെയിനിംഗ്, ഇലക്ഷന്‍ എക്‌സ്പന്റീച്ചര്‍ മോണിറ്ററിംഗ് നോഡല്‍ ഓഫീസര്‍ കൂടിയായ ഫിനാന്‍സ് ഓഫീസറുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടത്തും.

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ 'സൂം ' ആപ്പ് വഴി വെര്‍ച്വല്‍ മീറ്റിംഗ് ആയാണ് ട്രെയിനിംഗ് നടത്തുന്നത് . മീറ്റിംഗിനുള്ള ലിങ്ക് അസി.എക്‌സ്പന്റീച്ചര്‍ ഒബ്‌സര്‍വര്‍ മാര്‍ വഴി സ്ഥാനാര്‍ഥികള്‍ക്ക് ലഭ്യമാക്കിയിട്ടുള്ളതാണ് . ലിങ്ക് ലഭിച്ചിട്ടില്ലാത്ത സ്ഥാനാര്‍ഥികള്‍ അസി. എക്‌സ്. ഒബ്‌സര്‍വര്‍മാരുമായോ കലക്ട്രേറ്റ് ഫിനാന്‍സ് വിഭാഗവുമായോ ബന്ധപ്പെടേണ്ടതാണ്. മുഴുവന്‍ സ്ഥാനാര്‍ഥികളും ഈ ട്രയിനിംഗ് അവസരം പ്രയോജനപ്പെടുത്തി കുറ്റമറ്റ രീതിയില്‍ വരവ് ചെലവ് കണക്കുകള്‍ തയ്യാറാക്കി സമര്‍പ്പിക്കണമെന്ന് ജില്ലകലക്ടര്‍ക്ക് വേണ്ടി ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു.ഈ മാസം 25 , 26 തീയതികളില്‍ കലക്ട്രേറ്റില്‍ വച്ച് നടത്തുന്ന അനുരഞ്ജന യോഗത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നേരിട്ടോ പ്രതിനിധികള്‍ മുഖേനയോ പങ്കെടുക്കണമെന്നും ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു.

Tags: