കേരളത്തിലെ മുണ്ടുടുത്ത മോദിയെ ജനം പുറത്താക്കും: ജയറാം രമേശ്

Update: 2021-03-31 17:06 GMT

തിരുവനന്തപുരം: നരേന്ദ്രമോദിയുടെ പാത പിന്തുടര്‍ന്ന് കേരളത്തില്‍ മല്‍സ്യത്തൊഴിലാളികളുടെ ഉപജീവനമോ മാര്‍ഗം പോലും കുത്തകകള്‍ക്ക് തീറെഴുതിയ 'മുണ്ടുടുത്ത മോദി'യെ വോട്ടര്‍മാര്‍ ഭരണത്തില്‍നിന്ന് പുറത്താക്കുമെന്ന് മുന്‍കേന്ദ്ര മന്ത്രി ജയറാം രമേശ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ അത്രയേറെ ജനദ്രോഹവും കോര്‍പ്പറേറ്റ്‌വത്ക്കരണവും അഴിമതിയുമാണ് ഈ സര്‍ക്കാരില്‍നിന്നുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. എല്‍ഡിഎഫും ബിജെപിയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. മോദിയും പിണറായിയും തമ്മിലുള്ള ഒരേ ഒരു വ്യത്യാസം അതില്‍ ഒരാള്‍ ധരിക്കുന്നത് മുണ്ടാണ് എന്നത് മാത്രമാണ്.

ഏതൊക്കെ സര്‍വേകള്‍ ഭരണത്തുടര്‍ച്ച പ്രഖ്യാപിച്ചാലും കേരളത്തില്‍ ഇടത്, വലത് മുന്നണികള്‍ മാറി മാറി ഭരിക്കുന്ന രീതി ഇക്കുറിയും തുടരുമെന്ന് ഉറപ്പാണ്. ഒരു സര്‍വേയിലും കോണ്‍ഗ്രസ് പാര്‍ട്ടി വിശ്വസിക്കുന്നില്ല. വോട്ടെടുപ്പില്‍ ജനങ്ങളുടെ തീരുമാനമാണ് പ്രധാനം. നഷ്ടപ്പെട്ട ജനാധിപത്യം തിരികെ കൊണ്ടുവരാന്‍ ഇനി യുഡിഎഫ് കേരളം ഭരിക്കുന്നതാണ് അഭികാമ്യമെന്ന് ജനങ്ങള്‍ ഉറപ്പിച്ചുകഴിഞ്ഞു. തുടര്‍ച്ചയായി ബംഗാളും ത്രിപുരയും ഭരിച്ച ഇടതുപക്ഷം ഇപ്പോള്‍ എവിടെ നില്‍ക്കുകയാണെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ട്. അവിടെ ബിജെപിയാണ് ശക്തിപ്പെട്ടത്.

ദേശീയതലത്തില്‍ ബിജെപിയെ എതിര്‍ക്കാന്‍ കഴിയുന്ന ഏകപാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കേരളാ ചരിത്രത്തിലെ ഏറ്റവും ക്രിയാത്മകമായ പ്രതിപക്ഷത്തിനാണ് കഴിഞ്ഞ അഞ്ചുവര്‍ഷം യുഡിഎഫ് നേതൃത്വം നല്‍കിയത്. ന്യായ് കൃത്യമായി നടപ്പാക്കാന്‍ കഴിയുന്ന ഒരു പദ്ധതിയാണ്. ഇത് രാഹുല്‍ ഗാന്ധിയുടെ പദ്ധതിയാണ്. യുഡിഎഫിന് ഉറച്ച ഒരു പ്ലാനുണ്ട്. രാജസ്ഥാനില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഏതാനം മാസങ്ങള്‍ക്കകം ന്യായ് പദ്ധതി രാജസ്ഥാനിലുമുണ്ടാവും. ബിജെപിയെ അകറ്റി നിര്‍ത്തുന്ന തീരുമാനത്തിന് കേരളത്തിലെ ജനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ജോയ്‌സ് ജോര്‍ജിന്റെ പരാമര്‍ശം കേരളത്തിലെ സ്ത്രീകളെ അപമാനിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    

Similar News