കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ ഓണ്‍ലൈന്‍ പഠനത്തിനായി മൂഡില്‍

സര്‍വകലാശാലയുടെ കീഴിലുള്ള ഒന്‍പത് കോളജുകളിലെയും, ഡിപ്ലോമ, ബിരുദബിരുദാനന്തര ഡോക്ടറല്‍ പ്രോഗ്രാമുകളിലെ നിലവിലെ സെമസ്റ്ററിലെ 520 ലധികം കോഴ്‌സുകളാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നത്.

Update: 2020-06-17 09:42 GMT

തൃശൂര്‍: കൊറോണ കാലത്തെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ പഠനം മൂഡില്‍ വഴി. കാര്‍ഷിക സര്‍വകലാശാലയ്ക്ക് മറ്റു സര്‍വകലാശാലകളിലെ പോലെ മധ്യവേനലവധി ബാധകമല്ലാത്തതിനാലും വിദ്യാര്‍ത്ഥികളുടെ പഠനത്തെ ലോക്ഡൗണ്‍ ദോഷകരമായി ബാധിക്കാനിടയുണ്ട് എന്നതിനാലുമാണ് ഈ സംവിധാനം ഒരുക്കിയത്. വൈസ് ചാന്‍സലര്‍ ഡോ. എന്‍ ചന്ദ്രബാബുവിന്റെ നിര്‍ദേശപ്രകാരമാണ് സര്‍വകലാശാലയുടെ ഇ ലേര്‍ണിംഗ് സെന്ററും, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെന്ററും ചേര്‍ന്ന് വളരെ കുറച്ചു സമയം കൊണ്ട് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി മൂഡില്‍ എന്ന സോഫ്റ്റ് വെയറിലൂടെ പഠന പ്ലാറ്റ്‌ഫോം ഒരുക്കിയത്. ലോകത്ത് ഏറ്റവും അധികം പ്രചാരത്തിലുള്ള സ്വതന്ത്ര ലേണിങ് മാനേജ്‌മെന്റ് സോഫ്റ്റ് വെയറാണ് ഇത്. സൗജന്യമായി ലഭ്യമായതിനാല്‍ സോഫ്റ്റ് വെയര്‍ ആവശ്യാനുസരണം സ്വീകരിക്കുന്നതിനുള്ള സര്‍വകലാശാലയുടെ തന്നെ സാങ്കേതിക വൈദഗ്ധ്യം ഉപയോഗിച്ച് വളരെ കുറഞ്ഞ ചെലവില്‍ കുറഞ്ഞ സമയം കൊണ്ട് ആവശ്യമായ രീതിയില്‍ ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ ഇവര്‍ക്ക് കഴിഞ്ഞു. ഈ പ്ലാറ്റ്‌ഫോമിന് അനുബന്ധമായ മൊബൈല്‍ ആപ്ലിക്കേഷന്‍ ലഭ്യമായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ മുഖേന എളുപ്പത്തിലും കുറഞ്ഞ ഇന്റര്‍നെറ്റ് ഡാറ്റാ ചെലവിലും ഇത് ഉപയോഗിക്കുന്നതിനും കഴിയുന്നുണ്ട്. 

വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായ ഇന്റര്‍നെറ്റ് ആക്ടിവിറ്റിയുടെ വേഗത കൂടി പരിഗണിച്ച് വേണം ഉള്ളടക്കം ലഭ്യമാക്കേണ്ടത് എന്നതിനാല്‍ വീഡിയോ ഉള്ളടക്കങ്ങള്‍ യൂട്യൂബ് മുഖേന ഈ പ്ലാറ്റ്‌ഫോമില്‍ ചേര്‍ക്കുക എന്ന രീതിയാണ് സര്‍വകലാശാല സ്വീകരിച്ചത്. യൂട്യൂബ് വീഡിയോ ഉള്ളടക്കങ്ങളുടെ റെസല്യൂഷന്‍ പ്രേക്ഷകന് ലഭ്യമായ ഇന്റര്‍നെറ്റ് വേഗത അനുസരിച്ച് സ്വയം ക്രമീകരിക്കുന്നതായതിനാല്‍ കുറഞ്ഞ ചെലവിലും ഉള്ളടക്കം ലഭ്യമാകുന്നു. മാത്രമല്ല യൂട്യൂബ് വീഡിയോകള്‍ക്ക് ഓട്ടോമാറ്റിക് സബ് ടൈറ്റില്‍ ഉള്ളതിനാല്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കും ഉള്ളടക്കം എളുപ്പത്തില്‍ ലഭ്യമാകും.

സര്‍വകലാശാലയുടെ കീഴിലുള്ള ഒന്‍പത് കോളജുകളിലെയും, ഡിപ്ലോമ, ബിരുദബിരുദാനന്തര ഡോക്ടറല്‍ പ്രോഗ്രാമുകളിലെ നിലവിലെ സെമസ്റ്ററിലെ 520 ലധികം കോഴ്‌സുകളാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നത്.

ഭൂരിഭാഗം കോഴ്‌സുകളുടെയും അസൈന്‍മെന്റുകള്‍, വിലയിരുത്തലുകള്‍ എന്നിവ പ്ലാറ്റ്‌ഫോമില്‍ കൂടി നടത്തി കഴിഞ്ഞു.

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കൊപ്പം വിവിധതരം ഡോക്യുമെന്ററി ഫയലുകള്‍, വെബ്‌സൈറ്റിലേക്കുള്ള ലിങ്കുകള്‍, ചിത്രങ്ങള്‍, ശബ്ദരേഖകള്‍, വീഡിയോകള്‍ തുടങ്ങി വിവിധ ഫോര്‍മാറ്റിലുള്ള പഠനസാമഗ്രികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ലഭ്യമാക്കാന്‍ സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരസ്പരം സംവദിക്കാന്‍ സഹായകമായ മെസ്സേജ്, ചാറ്റ്, ചര്‍ച്ച ഫോറം എന്നീ വിനിമയോപാധികളും അസൈന്‍മെന്റുകള്‍, ഒബ്ജക്റ്റീവ്, വിവരണാത്മക പരീക്ഷകള്‍ എന്നിങ്ങനെ വിദ്യാര്‍ഥികളുടെ പഠന പുരോഗതി വിലയിരുത്താനുള്ള സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു.

സര്‍വകലാശാലയുടെ എല്ലാ കോളേജുകളിലെയും മുഴുവന്‍ ക്ലാസുകളും അതത് അധ്യാപകര്‍ക്ക് തന്നെ നിയന്ത്രിക്കുന്നതിനും സാധ്യമാകുന്നു. സെന്റര്‍ ഫോര്‍ ഇ ലേര്‍ണിംഗ് ഡയറക്ടര്‍ ഡോ എ സാക്കിര്‍ ഹുസൈന്‍, സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡയറക്ടര്‍ ഡോ എസ് ഗോപകുമാര്‍, സര്‍വകലാശാല വെബ്‌സൈറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ പി ഹരിജിത് എന്നിവരാണ് ഈ ദൗത്യത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്. 

Tags:    

Similar News