കേരഫെഡില്‍ സര്‍ക്കാരിന്റെ നിയമന ചട്ടങ്ങള്‍ അനുസരിച്ചല്ലാതെ നിയമനങ്ങള്‍ നടത്താന്‍ പാടില്ലെന്ന് നിര്‍ദേശം
കേരഫെഡില്‍ നിയമനങ്ങളെല്ലാം പിഎസ്‌സിക്കു വിടാനുള്ള തീരുമാനം നിലനില്‍ക്കേ തിരക്ക് പിടിച്ച് സ്വന്തം നിലക്ക് നിയമനങ്ങള്‍ നല്‍കാന്‍ കേരഫെഡ് നീക്കം നടത്തിയിരുന്നു.
തിരുവനന്തപുരം: കൃഷി വകുപ്പിന് കീഴിലുള്ള കേരഫെഡില്‍ കേരള സര്‍ക്കാരിന്റെ നിയമന ചട്ടങ്ങള്‍ അനുസരിച്ച് അല്ലാതെ നിയമനങ്ങള്‍ നടത്താന്‍ പാടില്ലെന്ന് നിര്‍ദേശിച്ച് പ്രിന്‍സിപ്പൽ സെക്രട്ടറി. വകുപ്പിന് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്. ഈ മാസം 28ന് കേരഫെഡ് നിയമനം സംബന്ധിച്ച കോടതി അലക്ഷ്യ കേസ് പരിഗണനയ്ക്ക് വരുന്ന സാഹചര്യത്തിലാണ് നിര്‍ദേശമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.
അതേസമയം, കേരഫെഡില്‍ നിയമനങ്ങളെല്ലാം പിഎസ്‌സിക്കു വിടാനുള്ള തീരുമാനം നിലനില്‍ക്കേ തിരക്ക് പിടിച്ച് സ്വന്തം നിലക്ക് നിയമനങ്ങള്‍ നല്‍കാന്‍ കേരഫെഡ് നീക്കം നടത്തിയിരുന്നു. കൃഷി വകുപ്പിന് കീഴിലുള്ള കേരള ഫെഡിലെ നിയമങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചിട്ട് 20 വര്‍ഷത്തിലേറെയായി. പിഎസ്‌സി 2001 ലെ സ്‌പെഷ്യല്‍ റൂള്‍ അംഗീകരിച്ചുവെങ്കിലും ഇതുപ്രകാരം സര്‍ക്കാരോ കേരള ഫെഡോ തുടര്‍നടപടികള്‍ സ്വീകരിച്ചില്ല. ഇതിനിടെ സ്ഥാപനത്തിന്റെ സുപ്രധാന തസ്തികയിലുള്ള പലരും വിരമിച്ചു. അപ്പോഴും സ്‌പെഷ്യല്‍ റൂളുണ്ടാക്കി നിയമനങ്ങള്‍ പി എസ് സിക്ക് വിടാന്‍ കേരഫെഡ് തയ്യാറായില്ല. സ്‌പെഷ്യല്‍ റൂള്‍ ആവശ്യപ്പെട്ട് ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതോടെ അടുത്തിടെ സ്‌പെഷ്യല്‍ റൂളില്‍ മാറ്റംവരുത്തി അംഗീകാരം നേടാനുള്ള നീക്കം തുടങ്ങി. ഇതിനിടെയാണ് സുപ്രധാന തസ്തികളിലേക്ക് പരസ്യം നല്‍കിയ അപേക്ഷ ക്ഷണിച്ച് അഭിമുഖവും റാങ്ക് പട്ടികയും തയ്യാറാക്കിയത്.
സീനിയര്‍ മാനേജര്‍, അസി.മാജേര്‍ തുടങ്ങിയ ഏഴ് സുപ്രധാന തസ്തികളിലേക്ക് നിയമനം നല്‍കാനായിരുന്നു നീക്കം. ഇന്റര്‍വ്യൂ ബോര്‍ഡില്‍ സര്‍ക്കാര്‍ പ്രതിനിധി ഉണ്ടാകണമെന്നാണ് ചട്ടം. കേരഫെഡിന്റെ രജിസ്ട്രാര്‍ കൂടിയായ കൃഷിവകുപ്പ് ഡയറക്ടറോ കാര്‍ഷികോല്‍പ്പാദന കമ്മീഷണറോ അറിയാതെയാണ് അഭിമുഖവും റാങ്ക് പട്ടികയുമെല്ലാം തയ്യാറാക്കിയതെന്നാണ് ആക്ഷേപം.
ജൂലൈ ഏഴിന് ചേരാനിരുന്ന ഭരണ സമിതി നിയമനങ്ങള്‍ക്ക് അന്തിമ തീരുമാനം നല്‍കാനിരുന്നുവെങ്കിലും ലോക്ഡൗണ്‍ കാരണം മാറ്റിവച്ചു. സ്‌പെഷ്യല്‍ റൂള്‍ വരുന്നതുവരെ സൂപ്രധാന തസ്തികയിലേക്കുള്ള നിയമനങ്ങള്‍ വൈകിക്കാനാകില്ലെന്നും താത്കാലിക നിയമനങ്ങള്‍ മാത്രമാണിതെന്നുമാണ് കേരള ഫെഡ് എംഡി എന്‍ രവികുമാര്‍ പറഞ്ഞത്. എന്നാല്‍ സ്‌പെഷ്യല്‍ റൂള്‍വരുന്ന മുറക്ക് ഇപ്പോള്‍ നടത്തുന്ന താത്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് അണിയറിയില്‍ നടക്കുന്നതെന്നാണ് ഒരു വിഭാഗം ജീവനക്കാരുടെ ആക്ഷേപം. താത്കാലിക നിയമനാണെങ്കില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി എന്തുകൊണ്ട് ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തിയില്ല, സര്‍ക്കാരില്‍ നിന്നും എന്തുകൊണ്ട് അനുമതി വാങ്ങിയില്ല തുടങ്ങിയ സംശയകളും ബാക്കിയായി നില്‍ക്കെയാണ് പുതിയ നിര്‍ദേശം പ്രിന്‍സിപ്പൽ സെക്രട്ടറി നല്‍കിയിരിക്കുന്നത്.
