കോഴിയില്ല; കെപ്കോ ഏജന്‍സികള്‍ അടച്ചുപൂട്ടലിലേക്ക്
പല ഏജന്‍സികളും ആഴ്ചകളായി തുറക്കുന്നില്ല. പ്രതിമാസം രണ്ടര ലക്ഷം രൂപ വരെ വിറ്റുവരവുണ്ടായിരുന്ന ഗ്രാമീണ മേഖലയിലെ കടകളില്‍ ഇപ്പോള്‍ 75,000 രൂപയുടെ കച്ചവടം മാത്രമാണു നടക്കുന്നത്.
തിരുവനന്തപുരം: കമ്മീഷന്‍ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ വഴി കോഴി അടക്കമുള്ള ഉല്‍പന്നങ്ങള്‍ ആവശ്യാനുസരണം എത്താത്തതിനാല്‍ കെപ്കോ ഏജന്‍സികള്‍ വഴിയാധാരമാവുന്നു.
അധികൃതരുടെ അനാസ്ഥയും കോഴികളുടെ ലഭ്യതക്കുറവും വില വര്‍ധനയുമാണ് സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്റെ (കെപ്കോ) വില്‍പനശാലകളുടെ അടച്ചുപൂട്ടലിന് കാരണം. പല ഏജന്‍സികളും ആഴ്ചകളായി തുറക്കുന്നില്ല. പ്രതിമാസം രണ്ടര ലക്ഷം രൂപ വരെ വിറ്റുവരവുണ്ടായിരുന്ന ഗ്രാമീണ മേഖലയിലെ കടകളില്‍ ഇപ്പോള്‍ 75,000 രൂപയുടെ കച്ചവടം മാത്രമാണു നടക്കുന്നത്.
മാര്‍ക്കറ്റില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടക്കുന്നത് ജനതാ ചിക്കന്‍, കറിക്കട്ട്, സ്പെഷ്യല്‍ കറിക്കട്ട്, കട്ട്ലറ്റ്, ഡോഗ് പാക്ക് സ്പെഷ്യല്‍ എന്നിവയാണ്. എന്നാല്‍ ഇപ്പോള്‍ അവയും കിട്ടാനില്ല. തിരുവനന്തപുരത്തു നിന്നാണു ജില്ലയിലെ പല ഭാഗങ്ങളിലും ഇറച്ചി പാക്കറ്റുകള്‍ എത്തുന്നത്. രാവിലെ 8 മണിയോടെ അവിടെ നിന്നു പുറപ്പെടുന്ന ഫ്രീസര്‍ സൗകര്യമുളള വാഹനം ജില്ലയിലെ ഗ്രാമീണ മേഖലകളില്‍ എത്തുമ്പോഴേക്കും അതിന്റെ ഫ്രീസിങ് നഷ്ടമാവും. പിന്നീടു പാക്കറ്റിനു നിറവ്യത്യാസം വരുന്നതോടെ ഉപഭോക്താക്കള്‍ വാങ്ങാന്‍ തയാറാകാത്ത സ്ഥിതിയാണ്.