കെല്‍ട്രോണില്‍ 296 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തും

നിലവില്‍ 315 സ്ഥിരം ജീവനക്കാരും 971 കരാറുകാരുമാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ഈ കരാറുകാരില്‍നിന്നാണ് 296 പേരെ സ്ഥിരമാക്കിയത്. ഇതോടെ സ്ഥിരം ജീവനക്കാരുടെ എണ്ണം 611 ആയി.

Update: 2020-12-31 12:47 GMT

തിരുവനന്തപുരം: കെല്‍ട്രോണിലും അനുബന്ധസ്ഥാപനങ്ങളിലുമായി 10 വര്‍ഷം പൂര്‍ത്തിയാക്കിയ 296 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു. വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. 2019 ആഗസ്ത് 30 വരെ 10 വര്‍ഷമായി തൊഴിലെടുക്കുന്നവരെയാണ് സ്ഥിരപ്പെടുത്തുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമായാണ് സ്ഥാപനം കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്. നിലവില്‍ 315 സ്ഥിരം ജീവനക്കാരും 971 കരാറുകാരുമാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ഈ കരാറുകാരില്‍നിന്നാണ് 296 പേരെ സ്ഥിരമാക്കിയത്. ഇതോടെ സ്ഥിരം ജീവനക്കാരുടെ എണ്ണം 611 ആയി. ഒഴിഞ്ഞുകിടക്കുന്ന നൂറിലധികം തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇവരെക്കൂടി നിയമിക്കുന്നതാടെ സ്ഥിരം ജീവനക്കാരുടെ എണ്ണം 700 കടക്കും.

ഐഡന്റിറ്റി കാര്‍ഡ് പ്രിന്റിങ് വിഭാഗത്തിലെ 84 പേരടക്കം കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷനിലാണ് ഏറ്റവും കൂടുതല്‍ പേരെ സ്ഥിരപ്പെടുത്തിയത്. ഇവിടെ 256 പേരെ സ്ഥിരപ്പെടുത്തി. അനുബന്ധ സ്ഥാപനങ്ങളായ കണ്ണൂരിലെ കെലട്രോണ്‍ കോംപണന്റ് കോംപ്ലക്‌സില്‍ 39 പേരും കെലട്രോണ്‍ ഇലക്ട്രോ സെറാമിക്‌സ് ലിമിറ്റഡിലെ ഒരാളും സ്ഥിരപ്പെടുത്തുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടും. ദീര്‍ഘകാലത്തെ പരിചയസമ്പത്തുകൊണ്ട് നേടിയെടുത്ത കരാര്‍ ജീവനക്കാരുടെ വൈദഗ്ധ്യം സ്ഥാപനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവും.

വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ, മതിയായ യോഗ്യതയുള്ളവരെയാണ് കെല്‍ട്രോണിലും അനുബന്ധ സ്ഥാപനങ്ങളിലും നിയമിക്കുന്നത്. പിഎസ്‌സിയുടെ സംവരണ നിയമങ്ങളും പൂര്‍ണമായും പാലിക്കപ്പെടുന്നുണ്ട്. 42.82 ലക്ഷം രൂപയാണ് ഇതുമൂലം കണക്കാക്കുന്ന പ്രതിമാസ സാമ്പത്തിക ബാധ്യത. കഴിഞ്ഞ മൂന്നുസാമ്പത്തികവര്‍ഷവും ലാഭം കൈവരിച്ച കെല്‍ട്രോണ്‍ ശക്തമായ തിരിച്ചുവരവിലാണ്. കൊവിഡ് കാലത്തും പ്രവര്‍ത്തന മികവ് കാണിച്ച സ്ഥാപനം ആരോഗ്യമേഖയ്ക്കായി വെന്റിലേറ്റര്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Tags: