കെസിഎല്‍; അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെ കൃഷ്ണപ്രസാദ് നയിക്കും

Update: 2025-07-25 11:17 GMT

തിരുവനന്തപുരം: കെസിഎല്‍ രണ്ടാം സീസണിലേക്കുള്ള അദാനി ട്രിവാന്‍ഡ്രം റോയല്‍സ് ടീമായി. പതിനാറ് അംഗ ടീമിനെ കൃഷ്ണപ്രസാദ് നയിക്കും. ഗോവിന്ദ് ദേവ് പൈ ആണ് വൈസ് ക്യാപ്റ്റന്‍. ബേസില്‍ തമ്പി, അബ്ദുള്‍ ബാസിത് എന്നിവരാണ് ടീമിലെ പ്രധാന താരങ്ങള്‍. സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന നായകന്‍ കൃഷ്ണപ്രസാദ് വിജയ് ഹസാരെ ട്രോഫിയില്‍ സെഞ്ച്വറിയടക്കം കേരളത്തിനായി മികച്ച പ്രകടനം കഴ്ച വച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ആലപ്പി റിപ്പിള്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ തിളങ്ങിയ ബാറ്റര്‍മാരിലൊരാള്‍ കൂടിയായിരുന്നു കൃഷ്ണപ്രസാദ്.

സീസണിലാകെ 192 റണ്‍സായിരുന്നു കൃഷ്ണപ്രസാദ് നേടിയത്. ഇതെല്ലാം പരിഗണിച്ചാണ് ടീം മാനേജ്മെന്റ് കൃഷ്ണപ്രസാദിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് നിയോഗിച്ചത്. മികച്ച ബാറ്ററായ ഗോവിന്ദ് ദേവ് പൈ കേരള ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയരായ യുവതാരങ്ങളില്‍ ഒരാളാണ്. കേരള ടീമിന്റെ ഒമാന്‍ ടൂറില്‍ മികച്ച പ്രകടനമായിരുന്നു ഗോവിന്ദ് കാഴ്ച്ച വച്ചത്. കൂടാതെ, കഴിഞ്ഞ സീസണില്‍ കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയിലും ഗോവിന്ദ് ഇടംപിടിച്ചിരുന്നു.11 കളിയില്‍ പാഡണിഞ്ഞ താരം രണ്ട് അര്‍ദ്ധ സെഞ്ചുറി ഉള്‍പ്പെടെ ടൂര്‍ണമെന്റിലാകെ മുന്നൂറ് റണ്‍സ് സ്വന്തമാക്കിയിരുന്നു.

മുന്‍ രഞ്ജി താരം എസ് മനോജാണ് ടീമിന്റെ മുഖ്യ പരിശീലകന്‍. ഫിലിം ഡയറക്ടര്‍ പ്രിയദര്‍ശന്‍, ജോസ് തോമസ് പട്ടാറ എന്നിവരുടെ കണ്‍സോര്‍ഷ്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ടീം. പുതുമുഖങ്ങളും പരിചയസമ്പന്നരും അടങ്ങുന്ന ടീമിനെയാണ് ഇത്തവണ ഇറക്കുന്നതെന്ന് ടീം ഡയറക്ടര്‍ റിയാസ് ആദം അറിയിച്ചു. ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ 6 വരെ തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ചാണ് ടൂര്‍ണമെന്റിലെ മല്‍സരങ്ങള്‍ നടക്കുക.

ടീം: കൃഷ്ണപ്രസാദ് (ക്യാപ്റ്റന്‍), ഗോവിന്ദ് ദേവ് പൈ (വൈസ് ക്യാപ്റ്റന്‍), സുബിന്‍ എസ് ,വിനില്‍ ടി എസ്, ബേസില്‍ തമ്പി, അഭിജിത്ത് പ്രവീണ്‍, അബ്ദുള്‍ ബാസിത്ത്, ഫാനൂസ് ഫൈസ്, റിയ ബഷീര്‍, നിഖില്‍ എം, സഞ്ജീവ് സതീശന്‍, അജിത് വി, ആസിഫ് സലിം, അനുരാജ് ടി എസ്, അദ്വൈത് പ്രിന്‍സ്, ജെഅനന്തകൃഷ്ണന്‍.



Tags: