ബഫര്‍സോണ്‍ വിഷയത്തിലെ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയം പ്രതിഷേധാര്‍ഹം: കെസിബിസി ജാഗ്രതാ കമ്മീഷന്‍

ഒരു കിലോമീറ്റര്‍ പരിധിയില്‍ സംരക്ഷിത മേഖലകള്‍ നിശ്ചയിച്ചുകൊണ്ടുള്ള കേരള സര്‍ക്കാര്‍ ഉത്തരവ് 2019ല്‍ ഉണ്ടായിരുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുകയാണ്. ഈ ഉത്തരവിനെ മറച്ചുവച്ചുകൊണ്ടാണ് ബഫര്‍സോണ്‍ വിഷയത്തില്‍ ഭരണപക്ഷ രാഷ്ട്രീയ കക്ഷികള്‍ ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ നാളുകളില്‍ പ്രശ്‌നപരിഹാരത്തിനെന്ന വ്യാജേന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തിയത്.

Update: 2022-06-25 12:49 GMT

കൊച്ചി: സംരക്ഷിത ഭൂപ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള ബഫര്‍ സോണ്‍ സംബന്ധമായ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റാനോ, ക്രിയാത്മകമായി ആ വിഷയത്തില്‍ ഇടപെടാനോ സര്‍ക്കാര്‍ തയ്യാറാകാത്തത് ദുരൂഹമാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍.

ഒരു കിലോമീറ്റര്‍ പരിധിയില്‍ സംരക്ഷിത മേഖലകള്‍ നിശ്ചയിച്ചുകൊണ്ടുള്ള കേരള സര്‍ക്കാര്‍ ഉത്തരവ് 2019ല്‍ ഉണ്ടായിരുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുകയാണ്. ഈ ഉത്തരവിനെ മറച്ചുവച്ചുകൊണ്ടാണ് ബഫര്‍സോണ്‍ വിഷയത്തില്‍ ഭരണപക്ഷ രാഷ്ട്രീയ കക്ഷികള്‍ ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ നാളുകളില്‍ പ്രശ്‌നപരിഹാരത്തിനെന്ന വ്യാജേന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തിയത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഒരു വലിയ വിഭാഗം ജനങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കകളോടുള്ള സര്‍ക്കാര്‍ സമീപനങ്ങളിലെ ഇരട്ടത്താപ്പ് അപലപനീയമാണെന്നും കെസിബിസി ജാഗ്രതാ കമ്മീഷന്‍ വ്യക്തമാക്കി.കേരളത്തിന്റെ കാര്‍ഷികരംഗവും ഗ്രാമീണ മേഖലകളില്‍ അധിവസിക്കുന്നവരും കടുത്ത പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്ന നാളുകളില്‍, അത്തരം ആശങ്കകളിലകപ്പെട്ടിരിക്കുന്ന വലിയ സമൂഹത്തെ അവഗണിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ശൈലിയാണ് സര്‍ക്കാരിന്റേതും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേതുമെന്ന് വ്യക്തമാവുകയാണ്.

കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ കടുത്ത അരക്ഷിതാവസ്ഥയിലേക്കാണ് നിപതിച്ചിരിക്കുന്നത്. ഈ സാഹചര്യങ്ങള്‍ മനസിലാക്കി ആവശ്യമായ ഇടപെടലുകള്‍ നടത്താനും ജനപക്ഷ നയങ്ങളും നിലപാടുകളും സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണം. ഭരണ പ്രതിപക്ഷ കക്ഷികള്‍ ഈ വിഷയത്തിലുള്ള ഒളിച്ചുകളി അവസാനിപ്പിക്കുകയും ഒത്തൊരുമിച്ച് ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ സന്നദ്ധമാകുകയും വേണമെന്നും കെസിബിസി ജാഗ്രതാ കമ്മീഷന്‍ വ്യക്തമാക്കി.

Tags:    

Similar News