പുതിയ മദ്യ നയം ബുദ്ധിയില്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കും : കെസിബിസി മദ്യ വിരുദ്ധ സമിതി

വരും തലമുറയെ ലഹരിയില്‍ ആഴ്ത്തി വരുമാനം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ മദ്യനയം തിരുത്തണം

Update: 2022-03-28 12:26 GMT

കൊച്ചി : ഫലവര്‍ഗ്ഗങ്ങളില്‍ നിന്നും മദ്യം ഉല്‍പാദിപ്പിച്ചുകൊണ്ട് വരും തലമുറയെ ലഹരിയില്‍ ആഴ്ത്തി വരുമാനം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ മദ്യനയം തിരുത്തണമെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി) മദ്യ വിരുദ്ധ സമിതി ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്. കെസിബിസി മദ്യവിരുദ്ധ സമിതി വരാപ്പുഴ അതിരൂപതയുടെ ഇരുപത്തിരണ്ടാമത് പൊതുയോഗവും കുടുംബസംഗമവും എറണാകുളം സോഷ്യല്‍ സര്‍വീസ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ മദ്യനയം നടപ്പാക്കുന്നത് സ്ത്രീകളെയും കുട്ടികളെയും ലഹരിക്ക് അടിമകളാക്കി ചിന്താശക്തിയില്ലാത്തതും ബുദ്ധിയില്ലാത്തതുമായ ഒരു തലമുറയെ സൃഷ്ടിക്കാനേ ഉപകരിക്കൂ വെന്നും ബിഷപ്പ് കൂട്ടി ചേര്‍ത്തു. ചടങ്ങില്‍ വരാപ്പുഴ അതിരൂപത കെസിബിസിമദ്യ വിരുദ്ധ സമിതി സ്ഥാപക ഡയറക്ടര്‍ ഫാ. സെബാസ്റ്റിന്‍ വട്ടപ്പറമ്പിലിനെ അനുമോദിച്ചു.

വരാപ്പുഴ അതിരൂപത മദ്യ വിരുദ്ധ സമിതി പ്രസിഡന്റ് സെബാസ്റ്റ്യന്‍ വലിയപറമ്പിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബ്രദര്‍ ബേബിച്ചയാന്‍, മെല്‍ബി ബേബി, വരാപ്പുഴ അതിരൂപത ഡയറക്ടര്‍ ഫാ:അഗസ്റ്റിന്‍ ബൈജു കുറ്റിക്കല്‍, ജനറല്‍ സെക്രട്ടറി റാഫേല്‍ മുക്കത്ത്, ഫാ.ലിക്‌സന്‍ അസുവസ,് എറണാകുളം സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ഫാ.മാര്‍ട്ടിന്‍ അഴിക്കകത്ത്,ജെസ്സി ഷാജി, രൂപതാ ആനിമേറ്റര്‍ സിസ്റ്റര്‍ ആന്‍ സംസാരിച്ചു.

Tags: