കവളപ്പാറ ദുരന്തത്തിലെ ഭവനരഹിതര്‍ക്ക് സ്‌നേഹവീട് കൈമാറി

നെക്‌സസ് ചെയര്‍മാന്‍ അഹമ്മദ് ഇക്ബാല്‍ കുനിയില്‍ നല്‍കിയ ഒന്നരയേക്കര്‍ സ്ഥലത്ത് ജ്യോതി ലാബ്‌സ് ലിമിറ്റഡ് ചെയര്‍മാന്‍ എം പി രാമചന്ദ്രനാണ് 15 വീടുകള്‍ നിര്‍മിച്ചുനല്‍കിയത്.

Update: 2020-06-28 12:17 GMT

കാളികാവ്: കവളപ്പാറ ദുരന്തത്തിനിരയായവര്‍ക്ക് സ്‌നേഹഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള വീടുകള്‍ കൈമാറി. പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ സാന്നിധ്യത്തില്‍ മന്ത്രി കെ ടി ജലീലാണ് താക്കോല്‍ കൈമാറിയത്. പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചത്. കഴിഞ്ഞവര്‍ഷത്തെ മഹാപ്രളയത്തില്‍ കവളപ്പാറയില്‍ വീടുനഷ്ടപ്പെട്ടവര്‍ക്ക് സ്‌നേഹഗ്രാമം പദ്ധതിയിലൂടെ വണ്ടൂര്‍ കാരാടില്‍ 15 വീടുകളാണ് പൂര്‍ത്തീകരിച്ചത്. നെക്‌സസ് ചെയര്‍മാന്‍ അഹമ്മദ് ഇക്ബാല്‍ കുനിയില്‍ നല്‍കിയ ഒന്നരയേക്കര്‍ സ്ഥലത്ത് ജ്യോതി ലാബ്‌സ് ലിമിറ്റഡ് ചെയര്‍മാന്‍ എം പി രാമചന്ദ്രനാണ് 15 വീടുകള്‍ നിര്‍മിച്ചുനല്‍കിയത്.


 വൈദ്യുതിയും വെള്ളവും സുലഭമായി കിട്ടുന്ന രീതിയില്‍ വാസയോഗ്യമായ തരത്തിലാണ് വീടുകള്‍ കൈമാറുന്നത്. കഴിഞ്ഞവര്‍ഷത്തെ മഹാപ്രളയത്തില്‍ കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ക്ക് ജീവനും സ്വത്തും നഷ്ടപ്പെട്ടിരുന്നു. പ്രളയത്തില്‍ എല്ലാം തകര്‍ന്ന് മരവിച്ച മനസ്സുമായി നിന്ന നാട്ടുകാര്‍ക്ക് മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനായി ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഒരു മോട്ടിവേഷന്‍ പരിപാടി സംഘടിപ്പിച്ചിരുന്നു.

പരിപാടിക്കിടെ നടത്തിയ അഭ്യര്‍ഥനയിലാണ് അഹമ്മദ് ഇഖ്ബാല്‍ കുനിയില്‍ തന്റെ ഒന്നരയേക്കര്‍ സ്ഥലം ഭവനരഹിതരെ പുനരധിവസിപ്പിക്കാന്‍ വിട്ടുകൊടുക്കാന്‍ മുന്നോട്ടുവന്നത്. തുടര്‍ന്ന് എം പി രാമചന്ദ്രന്‍ വീടുകളുടെ നിര്‍മാണച്ചുമതല ഏറ്റെടുക്കുകയായിരുന്നു. അടുത്ത മഴക്കാലത്തിനു മുമ്പ് തന്നെ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് ഞായറാഴ്ച പൂവണിഞ്ഞത്. 

Tags: