കശ്മീരില്‍ ബിജെപി നടപ്പിലാക്കിയത് സഗ്രാധിപത്യത്തിന്റെ രാഷ്ട്രീയ തീരുമാനം:യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ എംപി

ശത്രുരാജ്യത്തിനെതിരെയുള്ള വൈകാരികതയെ ആയുധമാക്കുന്ന മോദി ഭരണകൂടം ഭരണഘടനയെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. കാശ്മീരിനെ ഹിന്ദുത്വത്തിനു കീഴില്‍ കൊണ്ടുവരാനുള്ള ചിന്തയില്‍ നിന്നാണ് 370-ാം അനുച്ഛേദം എടുത്തുകളഞ്ഞത്. ഇന്ത്യ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് അഭിപ്രായപ്പെട്ട ആര്‍എസ്എസ് നേതാവ് സവര്‍ക്കറുടെ അജണ്ട സവര്‍ക്കറുടെ നൂറാം ജന്മവാര്‍ഷികമായ 2023ല്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍. യുഎപിഎ, കാശ്മീര്‍, മുത്തലാഖ്, വിവരാവകാശ നിയമങ്ങള്‍ തുടങ്ങി പാര്‍ലമെന്റില്‍ പാസാക്കിക്കൊണ്ടിരിക്കുന്ന ഓരോ ബില്ലുകളും ഇതിന് തെളിവാണ്. അടുത്തതായി ഏകസിവില്‍കോഡ് കൊണ്ടുവരാനുള്ള നീക്കത്തിലാണ് ബിജെപിയെന്നും ബെന്നി ബഹനാന്‍ പറഞ്ഞു

Update: 2019-08-20 12:40 GMT

കൊച്ചി: സമഗ്രാധിപത്യത്തിന്റെ രാഷ്ട്രീയ തീരുമാനമാണ് കാശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ എംപി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച 'ആര്‍ട്ടിക്കിള്‍ 370, ഒരു ജനതയുടെ സ്വത്വബോധമായിരുന്നു' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശത്രുരാജ്യത്തിനെതിരെയുള്ള വൈകാരികതയെ ആയുധമാക്കുന്ന മോദി ഭരണകൂടം ഭരണഘടനയെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. കാശ്മീരിനെ ഹിന്ദുത്വത്തിനു കീഴില്‍ കൊണ്ടുവരാനുള്ള ചിന്തയില്‍ നിന്നാണ് 370-ാം അനുച്ഛേദം എടുത്തുകളഞ്ഞത്. ഇന്ത്യ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് അഭിപ്രായപ്പെട്ട ആര്‍എസ്എസ് നേതാവ് സവര്‍ക്കറുടെ അജണ്ട സവര്‍ക്കറുടെ നൂറാം ജന്മവാര്‍ഷികമായ 2023ല്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍. യുഎപിഎ, കാശ്മീര്‍, മുത്തലാഖ്, വിവരാവകാശ നിയമങ്ങള്‍ തുടങ്ങി പാര്‍ലമെന്റില്‍ പാസാക്കിക്കൊണ്ടിരിക്കുന്ന ഓരോ ബില്ലുകളും ഇതിന് തെളിവാണ്. അടുത്തതായി ഏകസിവില്‍കോഡ് കൊണ്ടുവരാനുള്ള നീക്കത്തിലാണ് ബിജെപിയെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.

സംസ്ഥാനങ്ങളുടെ നിലനില്‍പ് തന്നെ ചോദ്യംചെയ്യപ്പെടുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്ന് സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. നാനാത്വം അംഗീകരിക്കാതെയാണ് ബിജെപി ഒറ്റ ഇന്ത്യ എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നത്. എതിര്‍പ്പുകളില്ലാത്ത ഏകീകൃത ഭരണ സംവിധാനത്തിലേക്കാണ് ഇന്ത്യ പോയിക്കൊണ്ടിരിക്കുന്നത്. മനുസ്മൃതിയെ അടിസ്ഥാനമാക്കിയുള്ള ഭരണഘടനാ നിര്‍മാണത്തിനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ ആദ്യ ദിവസം തന്നെ അത് ആരംഭിച്ചിരിക്കുന്നു. ഒറ്റ രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കുകയാണ് ബിജെപി. കാശ്മീരില്‍ നടത്തിയത് പരീക്ഷണം മാത്രമാണ്, അതില്‍ അവര്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു. അധികാരവും സൈനിക നിയന്ത്രണവുമെല്ലാം ഒരു വ്യക്തിയില്‍ മാത്രമായി കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ അപായപ്പെടുത്തിക്കൊണ്ട് ഭരണഘടനയെ നിര്‍വീര്യമാക്കിക്കൊണ്ട് സ്വന്തം രാഷ്രീയ അജണ്ട നിര്‍ബാധം നടപ്പിലാക്കാന്‍ ഇന്ത്യയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് കഴിയുന്നു എന്നത് അങ്ങേയറ്റം ആശങ്കയുളവാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരില്‍ ജനഹിത പരിശോധന നടത്താതെയുള്ള കേന്ദ്ര സര്‍ക്കാറിന്റെ പ്രവൃത്തി അങ്ങേയറ്റം വേദനാജനകമാണെന്ന് ചടങ്ങില്‍ സംസാരിച്ച പ്രഫ. റോണി കെ ബേബി അഭിപ്രായപ്പെട്ടു. ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എംപി, പി ടി തോമസ് എംഎല്‍എ, മുന്‍ മന്ത്രിമാരായ കെ ബാബു, ഡൊമിനിക് പ്രസന്റേഷന്‍, നേതാക്കളായ കെ പി ധനപാലന്‍, എന്‍ വേണുഗോപാല്‍, അജയ് തറയില്‍, ലാലി വിന്‍സന്റ്, കെപിസിസി സെക്രട്ടറിമാരായ കെ രാജു, കെ കെ വിജയലക്ഷ്മി , ജയ്സണ്‍ ജോസഫ്, ടി എം സക്കീര്‍ ഹുസൈന്‍, മുന്‍ എം.എ ചന്ദ്രശേഖരന്‍, പി ജെ ജോയി, ലൂഡി ലൂയിസ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം ഒ ജോണ്‍, കെ ബി മുഹമ്മദ് കുട്ടി മാസ്റ്റര്‍ പങ്കെടുത്തു.

Tags:    

Similar News