കാസര്‍കോഡ് ഇരട്ടക്കൊലപാതകം: സര്‍വകക്ഷി യോഗം ഇന്ന്; കോണ്‍ഗ്രസ് ഉപവാസം തുടങ്ങി

ഉച്ചയ്ക്ക് രണ്ടുമണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയിലാണ് സാമാധാന യോഗം. മുഴുവന്‍ രാഷ്ട്രീയപ്പാര്‍ട്ടികളെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബാംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ജില്ലയിലെ ക്രമസമാധാനനില യോഗത്തില്‍ വിശദീകരിക്കും.

Update: 2019-02-26 06:11 GMT

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങള്‍ക്ക് അറുതിവരുത്താന്‍ ഇന്ന് ജില്ലയില്‍ സര്‍വകക്ഷി സമാധാനയോഗം ചേരും. ഉച്ചയ്ക്ക് രണ്ടുമണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയിലാണ് സാമാധാന യോഗം. മുഴുവന്‍ രാഷ്ട്രീയപ്പാര്‍ട്ടികളെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബാംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ജില്ലയിലെ ക്രമസമാധാനനില യോഗത്തില്‍ വിശദീകരിക്കും.

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടതിനുശേഷം കാസര്‍കോഡും സമീപജില്ലകളിലും കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ഓഫിസുകള്‍ക്കുനേരെയും നേതാക്കളുടെ വീടുകള്‍ക്കുനേരെയും ആക്രമണമുണ്ടായി. കൂടുതല്‍ ക്രമസമാധാനപ്രശ്‌നങ്ങളിലേക്ക് കാര്യങ്ങള്‍ കൈവിട്ടുപോവാതിക്കാനാണ് അടിയന്തര സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം, കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നടത്തുന്ന 48 മണിക്കൂര്‍ ഉപവാസത്തിന് തുടക്കമായി.

സിവില്‍ സ്‌റ്റേഷന് മുന്നിലാണ് ഉപവാസം നടത്തുന്നത്. മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ജില്ലയിലെ പ്രമുഖ നേതാക്കളും പങ്കെടുക്കും. ശരത്‌ലാലിനെയും കൃപേഷിനെയും സംസ്‌കരിച്ച സ്ഥലത്ത് പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് ഉപവാസസമരം തുടങ്ങിയത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവുശേഖരണത്തിനുമായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. കൃത്യത്തില്‍ നേരിട്ടുപങ്കെടുത്ത ഒരാളെക്കൂടി പിടികൂടാനുണ്ട്. പ്രതികളെ സഹായിച്ചവരും ഗൂഢാലോചന നടത്തിയവരുമടക്കമുള്ളവരെയും കണ്ടെത്തേണ്ട ഉത്തരവാദിത്തമാണ് ക്രൈംബ്രാഞ്ചിന് മുന്നിലുള്ളത്.

Tags:    

Similar News