കാസര്‍കോട് കൊലപാതകം: സിപിഎം ഗൂഢാലോചനയെന്ന് ഉമ്മന്‍ചാണ്ടി

അക്രമരാഷ്ട്രീയത്തെ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ പറഞ്ഞു. ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് പ്രതികളെ രക്ഷിക്കാന്‍ സിപിഎം ശ്രമിച്ചാലും യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഏതറ്റം വരെയും പോവും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ടാണ് ഹര്‍ത്താല്‍ പ്രഖ്യാപനമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

Update: 2019-02-18 06:16 GMT

ന്യൂഡല്‍ഹി: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം സിപിഎമ്മിന്റെ ഗൂഢാലോചനയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അക്രമരാഷ്ട്രീയത്തെ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ പറഞ്ഞു. ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് പ്രതികളെ രക്ഷിക്കാന്‍ സിപിഎം ശ്രമിച്ചാലും യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഏതറ്റം വരെയും പോവും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ടാണ് ഹര്‍ത്താല്‍ പ്രഖ്യാപനമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തിങ്കളാഴ്ച നടത്താനിരുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ യുഡിഎഫ് മാറ്റിവച്ചിരിക്കുകയാണ്. മറ്റ് പരിപാടികളെല്ലാം മാറ്റിവച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് കാസര്‍കോട് സന്ദര്‍ശിക്കും.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ നയിക്കുന്ന എല്‍ഡിഎഫ് കേരള സംരക്ഷണയാത്രയുടെ തിങ്കളാഴ്ചത്തെ പര്യടന പരിപാടികള്‍ റദ്ദാക്കി. വടക്കന്‍ മേഖല, തെക്കന്‍ മേഖല പര്യടനങ്ങളാണ് റദ്ദാക്കിയത്. ചൊവ്വാഴ്ച രാവിലെ 10ന് പര്യടനം പുനരാരംഭിക്കും. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഇന്നത്തെ പരിപാടികളെല്ലാം റദ്ദാക്കിയിരുന്നു. അതേസമയം, നടക്കാന്‍ പാടില്ലാത്ത സംഭവമാണ് കാസര്‍കോട് നടന്നതെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചു. അതിദാരുണ കൊലപാതകങ്ങളാണുണ്ടായത്. പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള അക്രമസംഭവങ്ങള്‍ നിലവിലുള്ളതായി അറിയില്ലെന്നും ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

Tags:    

Similar News