ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: വഞ്ചനാ കേസുകളുടെ എണ്ണം നൂറുകവിഞ്ഞു
ചന്തേര സ്റ്റേഷനില്‍ അഞ്ചു കേസുകളും കാസര്‍കോട് എട്ടും പയ്യന്നൂരില്‍ രണ്ട് കേസുകളും കൂടി വന്നതോടെയാണ് കമറുദ്ദീനെതിരേയുള്ള വഞ്ചനാ കേസുകളുടെ എണ്ണം 107 ആയത്.
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എക്കെതിരായ വഞ്ചനാ കേസുകളുടെ എണ്ണം 100 കടന്നു. കാസര്‍കോട് കണ്ണൂര്‍ ജില്ലകളിലായി 15 കേസുകളാണ് പുതുതായി രജിസ്റ്റര്‍ ചെയ്ത്ട്ടുള്ളത്. അതേസമയം പ്രശ്ന പരിഹാരത്തിനായി മുസ്‌ലിം ലീഗ് നിയമിച്ച മധ്യസ്ഥന്‍ കല്ലട്ര മാഹിന്‍ ഹാജിയില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ട്.
ചന്തേര സ്റ്റേഷനില്‍ അഞ്ചു കേസുകളും കാസര്‍കോട് എട്ടും പയ്യന്നൂരില്‍ രണ്ട് കേസുകളും കൂടി വന്നതോടെയാണ് കമറുദ്ദീനെതിരേയുള്ള വഞ്ചനാ കേസുകളുടെ എണ്ണം 107 ആയത്. 12 പേരില്‍ നിന്നായി രണ്ട് കോടി 65 ലക്ഷം രൂപയും, മൂന്ന് പേരില്‍ നിന്നായി 167 പവന്‍ സ്വര്‍ണവും വാങ്ങി വഞ്ചിച്ചെന്നാണ് പുതിയ പരതികള്‍.
ഇതിനിടെ മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ ട്രഷററും ലീഗ് മധ്യസ്ഥനുമായ കല്ലട്ര മാഹിന്‍ ഹാജിയെ പ്രത്യേക അന്വേഷണ സംഘം വിളിച്ചു വരുത്തി മൊഴിയെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മൊഴിയെടുത്തത്. മൂന്ന് മണിക്കൂറോളം നേരം മാഹിന്‍ ഹാജിയില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായാണ് റിപോര്‍ട്ട്.
അതേസമയം വിഷയത്തില്‍ കാസര്‍കോട് ജില്ലയിലെ ലീഗ് നേതാക്കളെ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം പാണക്കാട്ടേക്ക് വിളിപ്പിച്ചു. മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ടതും കമറുദ്ദീനെതിരേയുള്ള കേസുകള്‍ കൂടിവരുന്നതും ലീഗിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. കമറുദ്ദീന്റെ രാജി അടക്കമുള്ള കാര്യങ്ങളെ പറ്റി കൂടിക്കാഴ്ചയില്‍ തീരുമാനമായേക്കുമെന്നാണ് റിപോര്‍ട്ടുകള്‍.
