കെഎഎസ് പരീക്ഷ: ഉദ്യോഗസ്ഥർ കൂട്ട അവധിയിൽ; അയോഗ്യരാക്കുമെന്ന് സർക്കാർ

പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി ഉദ്യോഗസ്ഥർ കൂട്ട അവധിയെടുത്തതോടെ സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം അവതാളത്തിലായി.

Update: 2020-01-16 11:27 GMT

തിരുവനന്തപുരം: കെഎഎസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി ഉദ്യോഗസ്ഥർ കൂട്ട അവധിയെടുത്തതോടെ സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം അവതാളത്തിൽ. ഇതേത്തുടർന്ന് പൊതുഭരണ വകുപ്പ് സർക്കുലർ ഇറക്കി. ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുക്കരുത്. പരീക്ഷയ്ക്കായി അവധിയെടുത്താല്‍ അയോഗ്യരാക്കുമെന്ന മുന്നറിയിപ്പുമുണ്ട്. 


അമ്പതിലേറെ അസിസ്റ്റന്റുമാർ ഉൾപ്പടെ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നവരാണ് കെഎഎസിനുള്ള തയ്യാറെടുപ്പിനായി അവധിയിൽ പ്രവേശിച്ചത്. ഇത് സെക്രട്ടേറിയറ്റിലെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചതായി പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഈ മാസം 31ന് നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ ജീവനക്കാരുടെ കുറവ് വിവിധ വകുപ്പുകളുടെ പ്രവർത്തനം താളം തെറ്റിക്കും. നിലവിൽ ലീവിലുള്ളവർ കെഎഎസ് പരീക്ഷ എഴുതുകയാണെങ്കിൽ ഡിസ്ക്വാളിഫൈ ചെയ്യാൻ നടപടി സ്വീകരിക്കാമെന്ന് സർക്കുലറിൽ പറയുന്നു. 

സർവീസിൽ ഇരിക്കെ നിലവിലെ ജോലിക്ക് വിഘാതം സൃഷ്ടിക്കുന്ന രീതിയിൽ ലീവെടുത്ത് മറ്റൊരു ജോലിക്ക് ശ്രമിക്കുന്നത് ഈ വിഭാഗം ജീവനക്കാരുടെ സാമൂഹിക പ്രതിബദ്ധത ഇല്ലായ്മ വിളിച്ചോതുന്നതാണ്. സ്വന്തം ജോലിയിൽ നിന്നും വിട്ടുനിൽക്കുന്നത് മൂലം പൊതുജനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇത്തരം ഒഴിവുകളിൽ പി.എസ്.സിക്ക് പുതിയ ജീവനക്കാരെ റിപ്പോർട്ട് ചെയ്യാനും നിർവാഹമില്ല.

പൊതുജനങ്ങൾക്ക് നൽകേണ്ട സേവനം മറന്ന് സ്വന്തം കരിയർ മാത്രം മെച്ചപ്പെടുത്തുന്ന ഇത്തരം ഉദ്യോഗസ്ഥരുടെ പ്രവണത നിരുൽസാഹപ്പെടുത്തണം. ഈ സാഹചര്യത്തിൽ ഒന്നുകിൽ ജോലി ഉപേക്ഷിച്ച്‌ പരീക്ഷക്ക് തയ്യാറെടുക്കുകയോ ലീവ് റദ്ദ് ചെയ്ത് ജോലിയിൽ പ്രവേശിക്കുകയോ വേണമെന്ന് സർക്കുലറിൽ പറയുന്നു.

Tags:    

Similar News