കരുവന്നൂര്‍ കുടിവെള്ള പദ്ധതിയിലെ അഴിമതി: ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് എസ്ഡിപിഐ

ഫെബ്രുവരി 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പദ്ധതിയുടെ നിര്‍മ്മാണത്തില്‍ അപാകതയും അഴിമതിയുമാണ് തെളിഞ്ഞുകാണുന്നതെന്നും സംഭവത്തില്‍ എംപി, എംഎല്‍എ, ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്ക് പുറത്തു കൊണ്ടുവരണമെന്നും എസ്ഡിപിഐ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Update: 2019-02-13 11:13 GMT

ഗുരുവായൂര്‍: കരുവന്നൂര്‍ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണത്തിലെ തകരാറും അഴിമതിയും സംബന്ധിച്ച് ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ പങ്ക് പുറത്ത് വന്ന സാഹചര്യത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് എസ്ഡിപിഐ രംഗത്തെത്തി. ഫെബ്രുവരി 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പദ്ധതിയുടെ നിര്‍മ്മാണത്തില്‍ അപാകതയും അഴിമതിയുമാണ് തെളിഞ്ഞുകാണുന്നതെന്നും സംഭവത്തില്‍ എംപി, എംഎല്‍എ, ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്ക് പുറത്തു കൊണ്ടുവരണമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഏങ്ങണ്ടിയൂര്‍ ആയിരംകണ്ണി ക്ഷേത്രത്തിനടുത്ത് നിര്‍മ്മിച്ചിട്ടുള്ള ഭൂഗര്‍ഭ ജല സംഭരണിക്ക് വിള്ളല്‍ വന്ന് പുറത്തു നിന്നുള്ള മലിന ജലം സംഭരണിക്ക് അകത്തേക്ക് കയറിക്കൊണ്ടിരിക്കുകയാണ്. ചതുപ്പുനിലവും മഴക്കാലത്ത് മലിന ജലം കെട്ടി നില്‍ക്കുന്നതുമായ ഈ മേഖലയില്‍ ശരിയായ രീതിയില്‍ അടിത്തറ നിര്‍മ്മിക്കാതെ സംഭരണി പണിതീര്‍ത്തതു മൂലം ഒരു ഭാഗം ചെരിഞ്ഞുപോയിരുന്നു. എന്നാല്‍ ഇതെല്ലാം മറച്ചു വെച്ച് ഡിസൈനില്‍ മാറ്റം വരുത്തി പമ്പ് ഹൗസ് സ്ഥാപിക്കുകയാണ് അധികൃതര്‍ ചെയ്തത്. സംഭരണിക്കകത്ത് കാണപ്പെട്ട വിള്ളല്‍ സിമന്റ് ഉപയോഗിച്ച് അടക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇപ്പോഴും വെള്ളം അകത്തേക്ക് കയറുകയാണ്. സംഭരണി പുനര്‍ നിര്‍മ്മിച്ചില്ലെങ്കില്‍ മഴക്കാലത്ത് വന്‍ തോതില്‍ മലിന ജലം സംഭരണിയിലേക്ക് ഒഴുകിയെത്തുകയും ശുദ്ധീകരിച്ചെത്തുന്ന വെള്ളത്തില്‍ കലരുകയും ചെയ്യും. ജനങ്ങള്‍ക്ക് ആരോഗ്യ ഭീഷണി ഉയര്‍ത്തുന്ന ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും എഞ്ചിനീയര്‍ കരാരുകാരന് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു കൊടുത്തതില്‍ വന്‍ അഴിമതിയാണ് തെളിഞ്ഞു കാണുന്നത്. കൂടാതെ ചേറ്റുവ പുഴയില്‍ പൈപ്പിടുമ്പോള്‍ ഒന്നര മീറ്റര്‍ താഴ്ച്ച വരുത്താതെ അര മീറ്റര്‍ മാത്രം താഴ്ചയിലാണ് പൈപ്പിട്ടിട്ടുള്ളതെന്നും നേതാക്കള്‍ ആരോപിച്ചു. 58 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ പദ്ധതിയില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്. ഇതിനു കൂട്ടി നിന്ന ഉദ്യോഗസ്ഥരേയും രാഷ്ട്രീയക്കാരേയും കണ്ടെത്താന്‍ സിബിഐ അന്വേഷണം കൊണ്ടു മാത്രമേ സാധിക്കൂവെന്നും കരുവന്നൂര്‍ കുടിവെള്ള പദ്ധതിയിലെ അഴിമതി തുറന്നു കാട്ടി ബഹുജന പ്രക്ഷേഭവുമായി എസ്ഡിപിഐ രംഗത്തു വരുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ടി എം അക്ബര്‍, ജനറല്‍ സെക്രട്ടറി കെ എച്ച് ഷാജഹാന്‍, കമ്മിറ്റി അംഗം ഫാമിസ് അബൂബക്കര്‍ പങ്കെടുത്തു.

Tags:    

Similar News