കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; സാധാരണ ജനങ്ങളെ കൊള്ളയടിച്ച സംഭവമല്ലേ? ; എന്തുകൊണ്ട് നടപടി വൈകുന്നു: ഹൈക്കോടതി

Update: 2025-04-10 08:08 GMT

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന പോലിസ് അന്വേഷണം വൈകുന്നതില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്തരത്തിലാണ് അന്വേഷണം നടത്തുന്നതെങ്കില്‍ കേസ് സിബിഐക്കു കൈമാറേണ്ടി വരുമെന്ന് ജസ്റ്റിസ് ഡി കെ സിങ് പരാമര്‍ശിച്ചു. 4 വര്‍ഷമായിട്ടും എന്തുകൊണ്ടാണ് അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകാത്തതെന്നും കോടതി ആരാഞ്ഞു.

കരുവന്നൂര്‍ കേസില്‍ 4 വര്‍ഷമായി പോലിസ് അന്വേഷിച്ചിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. സാധാരണ ജനങ്ങളെ കൊള്ളയടിച്ച സംഭവമല്ലേ ഇത്. എന്നിട്ടുമെന്താണ് നടപടി എടുക്കാന്‍ വൈകുന്നത്? കരുവന്നൂര്‍ വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൃത്യമായ അന്വേഷണം നടത്തുന്നുണ്ടല്ലോ എന്നും കോടതി ചോദിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഇ.ഡി കൊണ്ടുപോയതുകൊണ്ടാണ് അന്വേഷണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. വര്‍ഷങ്ങള്‍ നീണ്ട ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്വേഷിക്കേണ്ടത്. ഇനിയും 3 മാസത്തോളം സമയമുണ്ടെങ്കിലേ അന്വേഷണം പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ എന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ലെന്നും ഇന്ന് കോടതി പറഞ്ഞു. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. അടുത്തു തന്നെ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പോലിസ് അന്വേഷണം വൈകുന്നത് ചൂണ്ടിക്കാട്ടിയുള്ള ഹരജി കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്.





Tags: