കര്‍ണാടിക്-കാട്ടായിക്കൂത്ത്: അപൂര്‍വ്വ സംഗീത സംഗമത്തിന് കൊച്ചി ബിനാലെ വേദിയാകും

ജനുവരി 13 ഞാറാഴ്ച ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍ യാര്‍ഡിലെ ബിനാലെ പവലിയനില്‍ വൈകീട്ട് 7 മണിക്കാണ് ഈ സംഗീത പരിപാടി അരങ്ങേറുന്നത്.

Update: 2019-01-11 12:08 GMT

കൊച്ചി: തമിഴ്‌നാടിന്റെ നാടന്‍ കലാരൂപമായ കട്ടായിക്കൂത്തും കര്‍ണാകട സംഗീതവുമായുള്ള അപൂര്‍വ്വ സംഗമത്തിന് കൊച്ചിമുസിരിസ് ബിനാലെ നാലാം ലക്കം വേദിയാകുന്നു. സമൂഹത്തിന്റെ രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന സംഗീതശാഖകളെ ബന്ധിപ്പിക്കുന്നതോടെ സാംസ്‌ക്കാരികവും പരമ്പരാഗതവുമായ കീഴ് വഴക്കങ്ങളെ ഖണ്ഡിക്കുക കൂടിയാണ് ചെയ്യുന്നത്. ജനുവരി 13 ഞായറാഴ്ച ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍ യാര്‍ഡിലെ ബിനാലെ പവലിയനില്‍ വൈകീട്ട് 7 മണിക്കാണ് ഈ സംഗീത പരിപാടി അരങ്ങേറുന്നത്.പ്രശസ്ത കാട്ടായിക്കൂത്ത് നടനും രചയിതാവുമായ പി രാജഗോപാല്‍, കര്‍ണാടക സംഗീതജ്ഞരായ സംഗീത ശിവകുമാര്‍, ടി എം കൃഷ്ണ, ഗവേഷകനായ ഹന്നേ ഡെ ബ്രുയിന്‍ എന്നിവര്‍ ചേര്‍ന്ന് കാഞ്ചീപുരത്ത് നടന്ന കാട്ടായിക്കൂത്ത് സംഗമത്തിലായിരുന്നു ഈ സംഗീത സംഗമം യാഥാര്‍ഥ്യമാക്കിയത്. ഫസ്റ്റ് എഡീഷന്‍ ഓഫ് ആര്‍ട്‌സ് എന്ന സ്ഥാപനമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.കര്‍ണാടക സംഗീതത്തിന്റെ സൗന്ദര്യവും, കൂത്തിന്റെ ആക്ഷേപഹാസ്യം, തമാശ, മൂര്‍ച്ചയേറിയ വാക്കുകള്‍ എന്നിവയുടെ ലയനം സംഗീത മേഖലയിലെ വ്യത്യസ്ത അനുഭവമാണ്.രണ്ട് കലാരൂപങ്ങളുടെയും പവിത്രത കളയാതെയുള്ള ലയനം കാഴ്ചക്കാര്‍ക്ക് ഏറെ ഹൃദ്യമായിരിക്കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. കലാപരമായ ജ്ഞാനോദയത്തിന് വേണ്ടി വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റിവയ്ക്കപ്പെടുന്നത് ആവേശം പകരുന്ന കാര്യമാണെന്ന് ബോസ് പറഞ്ഞു.

അവതരണത്തില്‍ രണ്ട് വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന കലാശാഖകളാണ് കര്‍ണാടക സംഗീതവും കട്ടായിക്കൂത്തും. കര്‍ണാടക സംഗീതം വരേണ്യ വര്‍ഗത്തിന്റെ കുത്തകയായിരുന്നെങ്കില്‍ഏറെ പ്രാദേശികമായ കലാരൂപമായാണ് കട്ടായിക്കൂത്തിനെ കണക്കാക്കിയിരുന്നത്. ഇത് കലാപരവും ഒരുപോലെ സാമൂഹികവുമായ പരീക്ഷണമാണെന്ന് ഹന്നേ ഡെ ബ്രുയിന്‍ പറഞ്ഞു.രണ്ട് കലാശാഖകളും തമ്മിലുള്ള സംഗമമാണെങ്കിലും രണ്ടും തമ്മിലുള്ള വ്യത്യാസങ്ങളും ശരിയായി മനസിലാക്കണമെന്ന് ടി എം കൃഷ്ണ ചൂണ്ടിക്കാട്ടി. രണ്ട് കലാരൂപങ്ങള്‍ തമ്മിലുള്ള ആശയ സംവാദമായി ഇതിനെ കാണണം. പുരാതന കാലത്ത് ഈ കലാരൂപങ്ങള്‍ തമ്മില്‍ ഉണ്ടായിരിക്കുമെന്ന് കരുതുന്ന സംഗീത ബന്ധങ്ങളും ഇതിലൂടെ കണ്ടെത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.18 കട്ടായിക്കൂത്ത് കലാകാരന്മാരാണ് ഇതില്‍ പങ്കെടുക്കുന്നത്. ദ്രൗപദി വസ്ത്രാക്ഷേപവും മഹാഭാരത യുദ്ധത്തിലെ പതിനെട്ടാം ദിവസവുമാണ് കലാകാരന്മാര്‍ പ്രതിപാദിക്കുന്നത്.വിവിധ കലാശാഖകളുടെ സംയോജനത്തിന് എഫ്ഇഎ പ്രതിജ്ഞാബദ്ധമാണെന്ന് ഫസ്റ്റ് എഡിഷന്‍ ആര്‍ട്ട്‌സ് സഹസ്ഥാപകന്‍ ദേവിന ദത്ത് പറഞ്ഞു. രണ്ട് ശ്രേണികളില്‍ നില്‍ക്കുന്ന കലാശാഖകളെ ഒരുമിപ്പിക്കുന്നത് എന്നും ആവേശകരമാണെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിലാണ് ഇതിന്റെ സംഘാടനം നടത്തുന്നത്. പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ണാടിക്- കട്ടായിക്കൂത്ത് അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News