കര്‍ണാടക ലോക് ഡൗണ്‍; പരിഭ്രാന്തരായി യാത്രചെയ്യുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് വാക്‌സിന്റെ കുറവുണ്ട്; ജയിലുകളില്‍ കൊവിഡ് പടരുന്നത് കണക്കിലെടുത്ത് പരോള്‍ നല്‍കുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: കര്‍ണാടക ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരിഭ്രാന്തരായി യാത്രചെയ്യുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി. എവിടെയാണ് ഉള്ളത് അവിടെ നില്‍ക്കുന്നതാണ് കരണീയം. ഇന്ന് കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണത്തിലുണ്ടായ കുറവ് എന്തെങ്കിലും ആശ്വാസത്തിന്റെ സൂചനയല്ല. ഇന്നലെ അവധിയായതിനാല്‍ ടെസ്റ്റിങ്ങില്‍ വന്ന കുറവാണ് അതില്‍ പ്രതിഫലിച്ചത്. എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായിരിക്കും. സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ നിശ്ചയിച്ച വില അന്താരാഷ്ട്ര വിലയേക്കാള്‍ കൂടുതലാണ്. ഇക്കാര്യവും രേഖാമൂലം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
വാക്‌സിനേഷനില്‍ ഇതിനകം 57.58 ലക്ഷം പേര്‍ക്ക് ഒരു ഡോസും, 10.39ലക്ഷം പേര്‍ക്ക് രണ്ട് ഡോസും നല്‍കിയിട്ടുണ്ട്. വാക്‌സിന്റെ ദൗര്‍ലഭ്യമാണ് പ്രശ്‌നം. 50 ലക്ഷം ഡോസ് വാക്‌സിന്‍ അധികമായി നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതേ വരെ ലഭിച്ചിട്ടില്ല. വാക്‌സിന്‍ സംസ്ഥാനങ്ങള്‍ ഉല്‍പാദകരില്‍ നിന്ന് നേരിട്ട് സംഭരിച്ചുകൊള്ളണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ നടപടി സ്വീകരിക്കുന്നുണ്ട്. ഇന്ത്യയില്‍ വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന രണ്ട് കമ്പനികളുമായും ബന്ധപ്പെട്ടിട്ടുണ്ട്.
ആദിവാസി കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് വാക്‌സിന്‍ അവിടെ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 80 വയസ്സിനു മുകളിലുള്ളവര്‍ക്ക് അവരുടെ വീടുകളില്‍ ചെന്ന് വാക്‌സിന്‍ നല്‍കണമെന്ന നിര്‍ദ്ദേശത്തിന്റെ പ്രായോഗികത സര്‍ക്കാര്‍ പരിശോധിക്കും. വാക്‌സിന്‍ കേന്ദ്രങ്ങളില്‍ വയോധികര്‍ക്ക് ഇപ്പോള്‍ തന്നെ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
രക്തദാനം
രക്ത ബാങ്കുകളില്‍ രക്തത്തിന് ക്ഷാമം നേരിടാനിടയുണ്ടെന്ന് പ്രതിപക്ഷനേതാവ് യോഗത്തില്‍ ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് 18-45 പ്രായ പരിധിയിലുള്ളവര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനു മുമ്പ് രക്തദാനത്തിന് തയ്യാറാവണം. വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ ഒരു മാസത്തേക്ക് രക്തം കൊടുക്കാന്‍ പാടില്ലെന്ന വിദഗ്ധ അഭിപ്രായം പരിഗണിച്ചാണ് വാക്‌സിനേഷന് മുമ്പേ രക്തം ദാനം ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നത്.ജയിലുകളില്‍ കൊവിഡ് പടരുന്നത് കണക്കിലെടുത്ത് പ്രത്യേകമായി പരോള്‍ നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിശോധിക്കും. എന്നാല്‍, എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്.
അതിഥി തൊഴിലാളികള്‍ക്കു വേണ്ടി എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറക്കും. അതിഥി തൊഴിലാളികള്‍ അവര്‍ ഇപ്പോഴുള്ള ജില്ലകളില്‍ തന്നെ തുടരട്ടെ എന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്.
ഇഎസ്‌ഐ ആശുപത്രികളെകൂടി കൊവിഡ് ചികിത്സയുടെ ഭാഗമാക്കും
ആശുപത്രികളില്‍ കിടക്കയും ഐസിയുവും വെന്റിലേറ്ററും ഓക്‌സിജനും മരുന്നും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ട്. ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ ഫലം വൈകുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. ഇഎസ്‌ഐ ആശുപത്രികളെകൂടി കൊവിഡ് ചികിത്സയുടെ ഭാഗമാക്കണമെന്ന നിര്‍ദ്ദേശം ആരോഗ്യവകുപ്പ് പരിശോധിക്കും. നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നുണ്ടെങ്കിലും ഉല്‍പാദന മേഖലയും നിര്‍മ്മാണ മേഖലയും സ്തംഭിക്കരുതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. കടകള്‍ നേരത്തേ അടയ്ക്കുന്നതും, രാത്രികാലങ്ങളിലെ യാത്ര ഉള്‍പ്പെടെയുള്ളവയിലെ നിയന്ത്രണങ്ങളും, വാരാന്ത്യങ്ങളില്‍ സ്വീകരിക്കുന്ന ലോക് ഡൗണ്‍ സമാന നിയന്ത്രണവും ആള്‍ക്കൂട്ടങ്ങള്‍ പാടില്ല എന്നു പറയുന്നതുമെല്ലാം ഏതെങ്കിലും വിധത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല. രോഗബാധയ്ക്ക് കൂടുതല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ ഒരു മാസ്‌കിനു മുകളില്‍ മറ്റൊരു മാസ്‌ക് ധരിക്കുന്ന രീതി അവലംബിക്കുന്നത് നല്ലതാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
പോലിസ് ഇടപെടല്‍
അകലം പാലിക്കാതെ കൂട്ടം കൂടുന്നവരെ കസ്റ്റഡിയിലെടുത്ത് നിയമനടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും അഡീഷണല്‍ എസ്പിമാരുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടാസ്‌ക്ക് ഫോഴ്‌സിന് രൂപം നല്‍കിയിട്ടുണ്ട്. ജനത്തിരക്ക് കൂടുതലുള്ള വാക്‌സിന്‍ കേന്ദ്രങ്ങള്‍, മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ചന്ത എന്നീ സ്ഥലങ്ങളില്‍ ഈ സംഘം മിന്നല്‍ പരിശോധന നടത്തി നിയമനടപടി സ്വീകരിക്കും. കൊവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിന്യസിച്ച പൊലിസ് സംഘങ്ങളുടെ പ്രവര്‍ത്തനക്ഷമത നിരീക്ഷിക്കുന്നതിനും ഈ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം കൊവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ കൊവിഡ് രോഗികള്‍ കോവിഡ് സേഫ്റ്റി എന്ന മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ക്വാറന്റൈന്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ ഈ സംവിധാനം ഏറെ പ്രയോജനപ്രദമായിരുന്നു. കൊവിഡ് പോസിറ്റീവ് രോഗികള്‍ ഈ ആപ്പ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യണം. പഞ്ചായത്ത് തലത്തില്‍ നിലവിലുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഫലവത്താക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ടീമിന് നല്‍കുന്ന പോലിസ് സഹായം കൂടുതല്‍ ഫലപ്രദമാക്കാന്‍ നടപടി സ്വീകരിക്കും. സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ച് വേണം ജനങ്ങളുമായി ഇടപഴകാനെന്ന് പോലിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലിസ് സേനാംഗങ്ങള്‍ അസുഖബാധിതരായാല്‍ അത് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തില്‍ പോലിസിന്റെ ക്ഷേമം ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ സ്‌റ്റേറ്റ് പൊലിസ് വെല്‍ഫെയര്‍ ഓഫിസര്‍ കൂടിയായ ബറ്റാലിയന്‍ വിഭാഗം എഡിജിപിയെ ചുമതലപ്പെടുത്തി.
ഓക്‌സിജന്‍, വെന്റിലേറ്റര്‍, ബെഡ്
പരമാവധി ആശുപത്രികളില്‍ ഓക്‌സിജന്‍ ബെഡുകള്‍ ഒരുക്കും. പരമാവധി വെന്റിലേറ്ററുകള്‍ എത്തിക്കും. ഇതിനായി സിഎസ്ആര്‍ ഫണ്ട് ഉള്‍പ്പെടെ ഉപയോഗിക്കും. പരമാവധി ബെഡ്ഡുകള്‍ ഒരുക്കും. ആരോഗ്യവകുപ്പിനു കീഴിലുള്ള കെട്ടിടങ്ങള്‍ ഇതിനായി പരമാവധി ഉപയോഗിക്കും. താല്‍ക്കാലിക ജീവനക്കാരെ ഇവിടങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിയമിക്കും. സംസ്ഥാനതലത്തില്‍ ഇത് മോണിറ്റര്‍ ചെയ്യും. തദ്ദേശ സ്ഥാപനങ്ങളെ ഒന്നാം ഘട്ടത്തിലേതു പോലെ ഈ ഘട്ടത്തിലും സജ്ജമാക്കും. ഇതിനായി മുതിര്‍ന്ന ഉദ്യോഗസ്ഥരെ തദ്ദേശസ്ഥാപനങ്ങളില്‍ നിയമിക്കും. കൊവിഡ് പ്രതിരോധത്തിന് ജനകീയ പങ്കാളിത്തം ഉറപ്പാക്കും. എല്ലാം തദ്ദേശ സ്ഥാപനതലത്തില്‍ കൈകാര്യം ചെയ്യാനാവുന്ന തരത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തും. എല്ലാ തദ്ദേശസ്ഥാപന അടിസ്ഥാനത്തിലും ചികിത്സാ സംവിധാനങ്ങള്‍ ഉണ്ടാകണം.
പിഎച്ച്‌സികളെ കൂടുതല്‍ ശക്തിപ്പെടുത്തും. കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഹെല്‍പ്പ് ഡെസ്‌ക്ക് വേണം. കൗണ്‍സിലിങ്ങിനായി മറ്റൊരു ഹെല്‍പ്പ് ഡെസ്‌ക് കൂടി സജ്ജീകരിക്കും. ടെലി മെഡിസിന്‍ സംവിധാനം ശക്തിപ്പെടുത്തും. ഡോക്ടര്‍മാര്‍ക്കൊപ്പം മെഡിക്കല്‍ വിദ്യാര്‍ത്ഥികളെയും ഇതിനായി ഉപയോഗിക്കാം. ഫീല്‍ഡ് ലെവല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ടീമിനെ തയ്യാറാക്കണം. ഇതിനായി സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗിക്കാം. 50 ശതമാനം ഉദ്യോഗസ്ഥരെയും നിയോഗിക്കാം. വളണ്ടിയര്‍മാരുടെ രണ്ട് സംഘങ്ങള്‍ ഉണ്ടാകണം. ഒന്ന്, അവശ്യ സാധനങ്ങളും സേവനങ്ങളും വീടുകളിലെത്തിക്കാന്‍. രണ്ട്, കോവിഡ് രോഗികളുടെ ആവശ്യങ്ങള്‍ക്കായി. 5060 വീടുകള്‍ക്ക് ഒരു വളണ്ടിയര്‍ എന്ന നിലയിലാകണം. അധ്യാപകരെയും ഉപയോഗിക്കാനാകണം. പ്രതിരോധം, ചികിത്സ, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമായുള്ള ബന്ധം എന്നിവ ഉണ്ടാകണം. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലുള്ള ഹെല്‍ത്ത് സിസ്റ്റത്തിന്റെ ഭാഗമായി ഇവര്‍ പ്രവര്‍ത്തിക്കണം. ഓരോ തദ്ദേശ സ്ഥാപനത്തിനും ഒരു മെഡിക്കല്‍ ടീം ഉണ്ടാകണം. ഗവണ്‍മെന്റ് ഡോക്ടര്‍മാര്‍ക്കൊപ്പം സ്വകാര്യ ഡോക്ടര്‍മാരെയും ഈ സംഘത്തില്‍ ഉള്‍പ്പെടുത്തണം. ഈ തീരുമാനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കി.
വാരാന്ത്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളോട് ജനങ്ങള്‍ നന്നായി സഹകരിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ വാരാന്ത്യത്തിലുള്ള പ്രത്യേക നിയന്ത്രണം തുടരും. അത്യാവശ്യ സര്‍വ്വീസുകള്‍ മാത്രമേ അന്നുണ്ടാകൂ. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി നല്‍കിയിട്ടുണ്ട്.

