മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ: സിദ്ധരാമയ്യയുടെ മാധ്യമ ഉപദേഷ്ടാവ്

Update: 2025-11-25 14:56 GMT

ബെംഗളൂരു: മാധ്യമപ്രവര്‍ത്തകരുടെ മെച്ചപ്പെട്ട സാമൂഹിക സുരക്ഷയ്ക്കും ക്ഷേമ പരിപാടികള്‍ക്കും കര്‍ണാടക സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മാധ്യമ ഉപദേഷ്ടാവ് ശ്രീ കെ വി പ്രഭാകര്‍ സംസ്ഥാനത്തെ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി. സീനിയര്‍ ജേണലിസ്റ്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും കര്‍ണാടക സീനിയര്‍ ജേണലിസ്റ്റ് ഫോറവും (എച്ച്പിവി) ചേര്‍ന്ന് ബെംഗളൂരു പ്രസ് ക്ലബ്ബില്‍ ഞായറാഴ്ച രാവിലെ സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


 എച്ച്പിവി പ്രസിഡന്റ് ആര്‍ പി സാംബസദശിവ റെഡ്ഡി അധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്ജെഎഫ്ഐ സെക്രട്ടറി ജനറല്‍ എന്‍ പി ചെക്കുട്ടി, കര്‍ണാടക മീഡിയ അക്കാദമി മുന്‍ ചെയര്‍മാന്‍ എം എ പൊന്നപ്പ, എസ്ജെഎഫ്ഐ വൈസ് പ്രസിഡന്റ് ആനന്ദം പുലിപലുപുല, എസ്ജെഎഫ്ഐ സെക്രട്ടറി കെ ശാന്തകുമാരി, സീനിയര്‍ ജേണലിസ്റ്റ് ഫോറം കേരള ജനറല്‍ സെക്രട്ടറി കെ പി വിജയകുമാര്‍, തമിഴ്നാട് ടി ഭൂപതി, ഡല്‍ഹി ശാസ്ത്രി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതി, അവര്‍ക്ക് ദേശീയ തലത്തില്‍ ക്ഷേമ നിധി, കേന്ദ്രസര്‍ക്കാരിന്റെ CGHS ആരോഗ്യ പദ്ധതിയില്‍ അംഗത്വം, ദേശീയ മാധ്യമ കമ്മീഷന്‍ രൂപീകരിക്കല്‍ എന്നിവയാണ് മാധ്യമപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍.