കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌; പ്രതികള്‍ക്ക് സിം കാര്‍ഡ് എടുത്ത് നല്‍കിയ രണ്ട് പേര്‍ കസ്റ്റംസ്‌ കസ്റ്റഡിയില്‍

കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ടി പി കേസിലെ പ്രതി മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസ് ഓഫീസിൽ ഹാജരാകും.

Update: 2021-07-13 05:20 GMT

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പാനൂർ സ്വദേശി അജ്‌മലും, ഇയാളുടെ സുഹൃത്തായ ആഷിഖുമാണ് കസ്റ്റഡിയിലുള്ളത്. മുഹമ്മദ് ഷാഫി, അർജുൻ ആയങ്കി എന്നിവർക്ക് സിംകാർഡ് എടുത്തു നൽകിയത് ഇവരാണ്. ഇന്നലെ രാത്രിയോടെയാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്.

പാനൂർ സ്വദേശിയാണ് അജ്‌മൽ. സ്വർണക്കടത്ത് സംഘത്തിൽ ഉൾപ്പെട്ട അർജുൻ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് അജ്മലിന്റെ മാതാവ് സക്കീനയുടെ പേരിലെടുത്ത നാല് സിം കാർഡുകളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സക്കീനയെ ഇന്നലെ കസ്റ്റംസ് സംഘം ചോദ്യം ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്.

കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ടി പി കേസിലെ പ്രതി മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസ് ഓഫീസിൽ ഹാജരാകും. രാവിലെ 11 മണിക്ക് കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് ഷാഫിക്ക് നോട്ടീസ് നൽകിയത്. കൊടിസുനിയും ഷാഫിയും അടങ്ങുന്ന സംഘം കണ്ണൂർ സ്വർണക്കടത്ത് സംഘത്തിലെ രക്ഷധികാരികൾ ആണെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുള്ളത്.

ഷാഫിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പോലിസ് യൂനിഫോമിൽ ഉപയോഗിക്കാറുള്ള സ്റ്റാർ അടക്കം കണ്ടെത്തിയിരുന്നു. നിലവിൽ പരോളിൽ കഴിയുന്ന ഷാഫിയ്ക്ക് പ്രധാന പ്രതി അർജുൻ ആയങ്കിയെ ഒളിവിൽ പാർപ്പിച്ചതിലും പങ്കുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്.