കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: പിടിയിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അര്‍ജ്ജുന്‍ ആയങ്കിയെ അറസ്റ്റു ചെയ്യാന്‍ കഴിയില്ലെന്ന് അഭിഭാഷകര്‍

അര്‍ജ്ജുന്‍ ആയങ്കിയ്ക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ല.അര്‍ജ്ജുന് പങ്കാളിത്തമുണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവു ശേഖരിക്കുകയാണ്.തെളിവുണ്ടെങ്കില്‍ മാത്രമെ അര്‍ജ്ജുന്‍ ആയങ്കിയെ അറസ്റ്റു ചെയ്യാന്‍സാധിക്കുകയുള്ളു.അന്വേഷണവുമായി അര്‍ജ്ജുന്‍ സഹകരിക്കും

Update: 2021-06-28 09:48 GMT

കൊച്ചി: എതെങ്കിലുമൊരാള്‍ സ്വര്‍ണ്ണക്കടത്ത് നടത്തുന്നതിനിടയില്‍ പിടിയിലായാല്‍ അയാളുടെ മൊഴി പ്രകാരം മറ്റൊരാളെ പ്രതിയാക്കാന്‍ കഴിയില്ലെന്ന് അര്‍ജ്ജുന്‍ ആയങ്കിയുടെ അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കോഴിക്കോട് രാമനാട്ടുകര സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ മുഹമ്മദ് ഷെഫീഖിന്റെ മൊഴി പ്രകാരം അര്‍ജ്ജുന്‍ ആയങ്കിയെ പ്രതിയാക്കാന്‍ കഴിയില്ലെന്നും ഇവര്‍ പറഞ്ഞു.

അര്‍ജ്ജുന്‍ ആയങ്കിയ്ക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ല.അര്‍ജ്ജുന് പങ്കാളിത്തമുണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവു ശേഖരിക്കുകയാണ്.തെളിവുണ്ടെങ്കില്‍ മാത്രമെ അര്‍ജ്ജുന്‍ ആയങ്കിയെ അറസ്റ്റു ചെയ്യാന്‍ സാധിക്കുകയുള്ളു.അന്വേഷണവുമായി അര്‍ജ്ജുന്‍ സഹകരിക്കും.അതുകൊണ്ടാണ് കസ്റ്റംസിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്ന് തന്നെ ഹാജരായതെന്നും അഭിഭാഷകര്‍ പറഞ്ഞു.അര്‍ജ്ജുനെ കസ്റ്റംസ് അറസ്റ്റു ചെയ്താല്‍ ജാമ്യാപേക്ഷയുമായുള്ളള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും അഭിഭാഷകര്‍ പറഞ്ഞു.

അതേ സമയം കസ്റ്റംസ് നോട്ടീസ് പ്രകാരം ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസില്‍ ഹാജരായ അര്‍ജ്ജുന്‍ ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.ഇന്ന് രാവിലെ രണ്ട് അഭിഭാഷകര്‍ക്കൊപ്പമാണ് അര്‍ജ്ജുന്‍ ആയങ്കി കസ്റ്റംസ് ഓഫിസില്‍ എത്തിയത്.തുടര്‍ന്ന് അര്‍ജ്ജുനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തുതോടെ അഭിഭാഷകര്‍ ഉച്ചയോടെ മടങ്ങുകയായിരുന്നു.

Tags: