കരമനയിലെ സ്വത്ത് തട്ടിപ്പും ദുരൂഹമരണങ്ങളും: അന്വേഷണത്തിന് ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം

തിരുവനന്തപുരം ക്രൈം ഡിസിപി മുഹമ്മദ് ആരിഫിന്റെ നേതൃത്വത്തിൽ പത്തംഗ സംഘമാവും അന്വേഷണം നടത്തുക. സ്വത്ത് തട്ടിപ്പ് കേസും ദുരൂഹ മരണവും രണ്ടായിട്ടാവും അന്വേഷിക്കുക.

Update: 2019-10-28 06:06 GMT

തിരുവനന്തപുരം: കരമന കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരുടെ സ്വത്ത് തട്ടിപ്പ് കേസും ദുരൂഹ മരണവും അന്വേഷിക്കാൻ ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം. തിരുവനന്തപുരം ക്രൈം ഡിസിപി മുഹമ്മദ് ആരിഫിന്റെ നേതൃത്വത്തിൽ പത്തംഗ സംഘമാവും അന്വേഷണം നടത്തുക. സ്വത്ത് തട്ടിപ്പ് കേസും ദുരൂഹ മരണവും രണ്ടായിട്ടാവും അന്വേഷിക്കുക. അതിനിടെ കാര്യസ്ഥൻ രവീന്ദ്രൻ നായർ, പരാതിക്കാരി പ്രസന്നകുമാരി, വേലക്കാരി ലീല എന്നിവരുടെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി.

സ്വത്ത് തട്ടിപ്പ് കേസിൽ മുൻ കലക്ടർ മോഹൻദാസടക്കം 12 പേരാണ് പ്രതികൾ. എഫ്ഐആറിൽ കാര്യസ്ഥൻ രവീന്ദ്രൻ നായർ ഒന്നാം പ്രതിയും മറ്റൊരു കാര്യസ്ഥൻ സഹദേവൻ രണ്ടാം പ്രതിയും മുൻ കലക്ടർ മോഹൻദാസ് പത്താം പ്രതിയുമാണ്. വേലക്കാരി ലീല പതിനൊന്നാം പ്രതിയാണ്. ഗുഢാലോചന, സ്വത്ത് തട്ടിയെടുക്കൽ, വധഭീഷണി എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ ദുരൂഹമരണങ്ങളെ കുറിച്ച് എഫ്ഐആറില്‍ പരാമര്‍ശമില്ല.

നിലവിൽ തിരുവനന്തപുരം ക്രൈം ഡിസിപി മുഹമ്മദ് ആരിഫിനാണ് കേസിന്റെ അന്വേഷണ ചുമതല. ജില്ലാ ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിൽ ദുരൂഹത കണ്ടെത്തിയതിനെ തുടർന്ന് വിശദാന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം ഇന്ന് കൂടത്തിൽ തറവാട്ടിലെ സ്വത്തുകള്‍ സംബന്ധിച്ച രേഖകള്‍ക്കായി രജിസ്ട്രാര്‍ക്കും റവന്യൂ വകുപ്പിനും നോട്ടീസ് നല്‍കും. ജയമാധവന്‍ നായരുടെ ആന്തരിക പരിശോധനകള്‍ക്കായി ഫോറന്‍സിക് സയന്‍സ് ലാബിന് കത്ത് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News