റെെഹാന സിദ്ധീഖിന് കാന്തപുരത്തിന്‍റെ സന്ദേശം; ആവശ്യമായ സഹായങ്ങള്‍ നല്‍കും

പോലിസ് കസ്റ്റഡിയില്‍ സിദ്ധീഖ് നേരിടുന്ന കൊടിയ പീഡനങ്ങള്‍ റെെഹാന കാന്തപുരത്തോട് വിവരിച്ചു. വിവരങ്ങള്‍ അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു.

Update: 2021-04-25 13:53 GMT

കോഴിക്കോട്: സിദ്ധീഖ് കാപ്പന്റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതിനു പിന്നാലെ സിദ്ധീഖ് കാപ്പന്‍റെ ഭാര്യ റെെഹാനത്തുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ നേരിട്ട് ബന്ധപ്പെട്ടു. ദുബയില്‍ നിന്നാണ് കാന്തപുരം റെെഹാനത്തിന് സന്ദേശമയച്ചത്. സിദ്ധീഖിന് നീതി പുലരാന്‍ ആവശ്യമായ സഹായ സഹകരണങ്ങള്‍ കാന്തപുരം വാഗ്ദാനം ചെയ്തു.

പോലിസ് കസ്റ്റഡിയില്‍ സിദ്ധീഖ് നേരിടുന്ന കൊടിയ പീഡനങ്ങള്‍ റെെഹാന കാന്തപുരത്തോട് വിവരിച്ചു. വിവരങ്ങള്‍ അദ്ധേഹം വിശദമായി ചോദിച്ചറിഞ്ഞു. മനുഷ്യത്വ പരമായ ഇടപെടലുകളും പിന്തുണയും കാന്തപുരം ഉറപ്പു നല്‍കി. സിദ്ധീഖ് കാപ്പന്റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. മഥുര മെഡിക്കൽ കോളജിൽ ദയനീയമായ അവസ്ഥയിലാണ് നിലവിൽ സിദ്ധീഖ് കപ്പാനുള്ളതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

കൊവിഡും മറ്റു രോഗങ്ങളും മൂലം ആരോഗ്യയാവസ്‌ഥ ദയനീയമാണ്. പ്രാഥമിക മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട്, കൈ ബന്ധിക്കപ്പെട്ട അവസ്ഥയിൽ, ബാത്റൂമിലേക്ക് പോലും പോകാൻ അനുവദിക്കപ്പെടാത്ത വിധത്തിൽ ദിവസങ്ങളായി അദ്ദേഹത്തെ അവശമായ അവസ്ഥയിൽ വെച്ചിരിക്കുകയാണ് എന്നാണ് ലഭിച്ച വിവരം. അതിനാൽ ന്യൂ ഡൽഹിയിലെ എയിംസിലേക്കോ കേരളത്തിലേക്കോ മാറ്റി, അദ്ദേഹത്തിന് മെച്ചപ്പെട്ട ചികിത്സ ഉറപ്പു വരുത്താൻ ഇടണമെന്നും കത്തിൽ ആവശ്യത്തെപ്പെട്ടു. സിദ്ദിഖ് കാപ്പന്റെ ജീവൻ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെടുന്ന പ്രമുഖരുടെ സംയുക്ത പ്രസ്താവനയിലും ഇന്ന് കാന്തപുരം ഒപ്പു വച്ചിരുന്നു.