കാന്താര 2 വിവാദം; രണ്‍വീര്‍ സിങ്ങിനോട് ചാമുണ്ഡി ക്ഷേത്രം സന്ദര്‍ശിക്കാന്‍ കര്‍ണാടക ഹൈക്കോടതി
ബെംഗളൂരു: കാന്താര 2 സിനിമയിലെ ദൈവക്കോലത്തെ അപമാനിച്ചു എന്ന കേസില്‍ നടന്‍ രണ്‍വീര്‍ സിങ് കോടതിയില്‍ മാപ്പുപറയണമെന്നും ചാമുണ്ഡി ക്ഷേത്രം സന്ദര്‍ശിക്കണമെന്നും ഉത്തരവിട്ട് കര്‍ണാടക ഹൈക്കോടതി. മതവികാരങ്ങളെ മാനിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി ഈ വേളയില്‍ ഊന്നിപ്പറഞ്ഞു. 2025-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപനച്ചടങ്ങില്‍ കാന്താരയിലെ 'ദൈവക്കോലം' അനുകരിച്ചതാണ് രണ്‍വീര്‍ സിങ്ങിനെ വിവാദത്തിലും പിന്നാലെ കേസിലും എത്തിച്ചത്.
ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തലാണ് രണ്‍വീര്‍ സിങ്ങിനെതിരെ പരാതി നല്‍കിയത്. ബംഗളൂരു ഹൈ ഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ (എകഞ) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്‍വീര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ച് രണ്‍വീറിന്റെ പ്രവൃത്തിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. രണ്‍വീര്‍ ചെയ്തത് ശരിയല്ലെന്ന് നിരീക്ഷിച്ച കോടതി, പൊതുജനങ്ങളില്‍ വലിയ സ്വാധീനമുള്ള വ്യക്തികള്‍ എന്ന നിലയില്‍ അഭിനേതാക്കള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് വ്യക്തമാക്കി.
രണ്‍വീര്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ മാപ്പ് പറഞ്ഞിരുന്നുവെങ്കിലും അത് ആത്മാര്‍ത്ഥമല്ലെന്നാണ് പരാതിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. നടന്റെ ടീം കൈകാര്യം ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ട് വഴിയുള്ള മാപ്പപേക്ഷ മതിയാകില്ലെന്നും, നേരിട്ട് ഹാജരായി മാപ്പ് പറയണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കുറ്റബോധം പ്രകടിപ്പിക്കാന്‍ നടന്‍ നേരിട്ട് എത്തേണ്ടത് അത്യാവശ്യമാണെന്ന് പരാതിക്കാരന്റെ ഭാഗം വാദിച്ചു. രണ്‍വീര്‍ സിംഗ് ചാമുണ്ഡി ഹില്‍സ് സന്ദര്‍ശിക്കണമെന്നും മാപ്പപേക്ഷിച്ചുകൊണ്ടുള്ള സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
താരങ്ങള്‍ക്ക് ജനങ്ങളില്‍ വലിയ സ്വാധീനമുള്ളതിനാല്‍ അവര്‍ക്ക് തങ്ങള്‍ ചെയ്ത തെറ്റില്‍ ഖേദമുണ്ടെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് ജസ്റ്റിസ് നാഗപ്രസന്ന പറഞ്ഞു. കോടതിയില്‍ മാപ്പ് പറയാമെന്നും ക്ഷേത്രം സന്ദര്‍ശിക്കാമെന്നും രണ്‍വീറിന്റെ അഭിഭാഷകന്‍ കോടതിക്ക് ഉറപ്പ് നല്‍കി. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഏപ്രില്‍ 10-ലേക്ക് മാറ്റി വെച്ചു.
