കടല്‍പ്പാലത്തില്‍നിന്ന് സെല്‍ഫിയെടുക്കവെ രണ്ട് യുവാക്കള്‍ കടലില്‍ വീണു; നാട്ടുകാര്‍ രക്ഷകരായി

പാലത്തിന് മുകളിലേക്ക് ശക്തമായി തിരമാലയടിച്ചപ്പോള്‍ കാല്‍ തെന്നി യുവാക്കള്‍ കടലിലേക്ക് വീഴുകയായിരുന്നു.

Update: 2019-06-11 16:33 GMT

കണ്ണൂര്‍: യുവാക്കളുടെ സെല്‍ഫി ഭ്രമം ദുരന്തത്തിന് വഴിമാറിയപ്പോള്‍ ജീവന്‍ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്. തലശ്ശേരി കടല്‍പ്പാലത്തിന്റെ അവസാന ഭാഗത്തുനിന്ന് സെല്‍ഫിയെടുക്കുന്നതിനിടെയാണ് രണ്ട് യുവാക്കള്‍ കടലില്‍ വീണത്. പാലത്തിന് മുകളിലേക്ക് ശക്തമായി തിരമാലയടിച്ചപ്പോള്‍ കാല്‍ തെന്നി യുവാക്കള്‍ കടലിലേക്ക് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് പാലത്തിന്റെ അടിത്തൂണില്‍ പിടിച്ചുനിന്ന ഇരുവരേയും രക്ഷപ്പെടുത്തിയത്.

അപകടസാധ്യത കണക്കിലെടുത്ത് കടല്‍പ്പാലത്തിലേക്കുള്ള പ്രവേശനം തടഞ്ഞുകൊണ്ട് മതില്‍ കെട്ടിയിരുന്നു. എന്നാല്‍, സാമൂഹ്യവിരുദ്ധര്‍ മതിലിന്റെ ഒരുഭാഗം മാസങ്ങള്‍ക്ക് മുമ്പ് പൊളിച്ചതോടെ വീണ്ടും ജനങ്ങള്‍ ഇവിടേക്ക് പ്രവേശിക്കാന്‍ തുടങ്ങുകയായിരുന്നു. അപകടമുന്നറിയിപ്പുണ്ടെങ്കിലും അത് ലംഘിച്ച് നിരവധി പേരാണ് ദിനംപ്രതി കടല്‍പ്പാലം സന്ദര്‍ശിക്കാനെത്തുന്നത്. അപകടത്തെത്തുടര്‍ന്ന് നാട്ടുകാര്‍ കടല്‍പ്പാലത്തിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ്.

Tags: