വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് വാട്‌സാപ്പില്‍ അശ്ലീല സന്ദേശം; കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

Update: 2026-03-31 13:49 GMT

തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് വാട്‌സ്ആപ്പ് വഴി നിരന്തരം അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് കുരുമാത്തൂര്‍ മുയ്യം സ്വദേശിയായ ജഗദീഷ് (37) ആണ് പിടിയിലായത്. പ്രതിയെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലിസാണ് അറസ്റ്റ് ചെയ്തത്. വനിതാ കമ്മീഷന്‍ അധ്യക്ഷ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപി അഡ്രസ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന്, ഇയാള്‍ മറ്റ് നിരവധി സ്ത്രീകള്‍ക്കും സമാനമായ രീതിയില്‍ അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ചിട്ടുള്ളതായി പോലിസ് കണ്ടെത്തി. തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ കെ കാര്‍ത്തികിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കണ്ണൂര്‍ തളിപ്പറമ്പില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഡെപ്യൂട്ടി കമ്മീഷണര്‍ തപോഷ് ബസുമതാരിയുടെ മേല്‍നോട്ടത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷാജി എം കെ, ഇന്‍സ്‌പെക്ടര്‍ നൗഷാദ് സി കെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണ ചുമതല. വെള്ളിയാഴ്ച് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.