കണ്ണൂര്‍ ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: ഡോ കെ റാമിനെ കോളജില്‍ നിന്ന് പുറത്താക്കി

Update: 2026-04-16 13:53 GMT

കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ ഡെന്റല്‍ കോളജ് വിദ്യാര്‍ഥി ആര്‍ എല്‍ നിതിന്‍രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അധ്യാപകന്‍ ഡോ. കെ റാമിനെ പുറത്താക്കി. വ്യാഴാഴ്ചയാണ് കോളജ് മാനേജ്മെന്റ് ഡോ. റാമിനെ സ്ഥാപനത്തില്‍നിന്ന് പുറത്താക്കിയതായി ഔദ്യോഗികമായി അറിയിച്ചത്.

നേരത്തേ ചൊവ്വാഴ്ച ചേര്‍ന്ന കോളജ് മാനേജ്‌മെന്റിന്റെ യോഗത്തില്‍ അധ്യാപകനെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനമെടുത്തിരുന്നു. മാനേജ്മെന്റ് ഇക്കാര്യം കോളജില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ അനൗദ്യോഗികമായി അറിയിക്കുകയും ഉറപ്പുകൊടുക്കുകയും ചെയ്തിരുന്നു. പിന്നാലെ വ്യാഴാഴ്ച മാനേജ്മെന്റ് റാമിനെതിരേ നടപടി സ്വീകരിക്കുകയായിരുന്നു. നിതിന്റെ മരണത്തിന് പിന്നാലെ വിദ്യാര്‍ഥികള്‍ നടത്തിയ ശക്തമായ പ്രക്ഷോഭത്തിനൊടുവിലാണ് നടപടി.

അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ അധ്യാപകനും ഓറല്‍ പതോളജി വിഭാഗം മേധാവിയുമാണ് ഡോ. കെ. റാം. നിതിന്‍ രാജിന്റെ ആത്മഹത്യയ്ക്ക് മുന്‍പും ഇയാള്‍ക്കെതിരേ നിരവധി പരാതികളുയര്‍ന്നിരുന്നു. നിതിന്‍ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ റാമിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

നിതിന്‍ രാജിന്റെ മരണത്തില്‍ ഡോ. റാമിനൊപ്പം ആരോപണവിധേയയായ ഡോ. സംഗീത നമ്പ്യാര്‍ക്കെതിരേ അന്വേഷണത്തിനുശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നും മാനേജ്‌മെന്റ് യോഗത്തില്‍ ധാരണയായിട്ടുണ്ട്. ഡോ. റാമിനെയും ഡോ. സംഗീത നമ്പ്യാരെയും നേരത്തേ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പോലിസ് രജിസ്റ്റര്‍ചെയ്ത രണ്ട് കേസുകളിലാണ് ഡോ. റാം പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയും പട്ടികജാതി-പട്ടികവര്‍ഗ അതിക്രമനിരോധന നിയമപ്രകാരവുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.അതേസമയം, ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോ. റാം ഇപ്പോഴും ഒളിവിലാണുള്ളത്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നാണ് പോലിസിന്റെ പ്രതികരണം.





Tags: