കണ്ണൂര്‍ കോര്‍പറേഷന്‍ പിടിക്കാന്‍ യുഡിഎഫ്; ഇന്ന് അവിശ്വാസപ്രമേയം
കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണപരാജയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മേയര്‍ ഇ പി ലതയ്‌ക്കെതിരേ യുഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞതവണ ഇടതിനൊപ്പംനിന്ന് ഡെപ്യൂട്ടി മേയറായ കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിനെ ഒപ്പംനിര്‍ത്തിയാണ് യുഡിഎഫിന്റെ അണിയറനീക്കം.
കണ്ണൂര്‍: എല്‍ഡിഎഫില്‍നിന്ന് കണ്ണൂര്‍ കോര്‍പറേഷന്റെ ഭരണം പിടിച്ചെടുക്കാന്‍ ഇന്ന് യുഡിഎഫിന്റെ അവിശ്വാസപ്രമേയം. കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണപരാജയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മേയര്‍ ഇ പി ലതയ്‌ക്കെതിരേ യുഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞതവണ ഇടതിനൊപ്പംനിന്ന് ഡെപ്യൂട്ടി മേയറായ കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിനെ ഒപ്പംനിര്‍ത്തിയാണ് യുഡിഎഫിന്റെ അണിയറനീക്കം. തലനാരിഴയ്ക്ക് കൈവിട്ട കോര്‍പറേഷന്‍ ഭരണം അവസാനഘട്ടത്തിലെങ്കിലും പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് കേന്ദ്രങ്ങള്‍.
55 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 27 അംഗങ്ങള്‍ വീതമാണുണ്ടായിരുന്നത്. ഒരു എല്‍ഡിഎഫ് കൗണ്‍സിലര്‍ കഴിഞ്ഞയാഴ്ച മരിച്ചതോടെ എല്‍ഡിഎഫ് അംഗബലം 26 ആയി ചുരുങ്ങി. അവിശ്വാസപ്രമേയം പാസാവാന്‍ വേണ്ടത് 28 പേരുടെ പിന്തുണ വേണമെന്നിരിക്കെ 27 അംഗങ്ങളുള്ള യുഡിഎഫ്, വിമതകൗണ്‍സിലര്‍ പി കെ രാഗേഷിന്റെ പിന്തുണ ഉറപ്പാക്കിയ ആത്മവിശ്വാസത്തിലാണ്. യുഡിഎഫ് വിമതനായി ജയിച്ച പി കെ രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കിയാണ് കഴിഞ്ഞതവണ എല്‍ഡിഎഫ് ഭരണം പിടിച്ചത്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പി കെ രാഗേഷുമായുള്ള തര്‍ക്കം തീര്‍ത്താണ് യുഡിഎഫ് അവിശ്വാസപ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നത്.
പി കെ രാഗേഷിനെ തിരിച്ചെത്തിക്കാന്‍ കെ സുധാകരനാണ് മുന്‍കൈ യെടുത്തത്. പി കെ രാഗേഷ് തുണച്ചാലും ഒരു യുഡിഎഫ് കൗണ്‍സിലറുടെയെങ്കിലും വോട്ട് അസാധുവായാല്‍ അവിശ്വാസപ്രമേയം പരാജയപ്പെടും. അവിശ്വാസപ്രമേയ നോട്ടീസിന്‍മേല്‍ ചര്‍ച്ചയ്ക്കുശേഷം ഉച്ചയ്ക്കാണ് വോട്ടെടുപ്പ്. മൂന്നുമണിയോടെ ഫലമറിയാം. മുന്നണിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന ആശ്വാസമുണ്ടെങ്കിലും കഴിഞ്ഞ തവണത്തേതിന് സമാനമായ നാടകീയനീക്കങ്ങളുണ്ടാവുമോയെന്ന ആശങ്കയും യുഡിഎഫ് കേന്ദ്രങ്ങള്‍ പങ്കുവയ്ക്കുന്നു. അവിശ്വാസപ്രമേയത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം കോര്‍പറേഷനിലും പരിസരപ്രദേശങ്ങളിലും പോലിസ് സുരക്ഷയൊരുക്കിയിട്ടുണ്ട്.
