കണ്ടങ്കാളി വയല്‍സമരം: വികസനം താല്‍ക്കാലിക ലാഭത്തിനും നിക്ഷിപ്ത താല്‍പര്യത്തിനും വേണ്ടിയാവരുത്- കണ്ണൂര്‍ ബിഷപ്പ്

അന്നവും ജലവും വിളയേണ്ട വയലുകള്‍ എന്നന്നേക്കുമായി നഷ്ടപ്പെടുന്നു എന്നറിയുമ്പോള്‍ നമുക്ക് നൊമ്പരമുണ്ടാവണം. അതിനെതിരേ നിലകൊള്ളണം. നഷ്ടപ്പെടുത്തിയാല്‍ തിരിച്ചുകിട്ടില്ല. അല്ലെങ്കില്‍ ഭാവി തലമുറ ചോദ്യംചെയ്യും.

Update: 2019-11-17 18:36 GMT

കണ്ണൂര്‍: വിശാലമായ നെല്‍വയല്‍ നികത്തി പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ കേന്ദ്രീകൃത പെട്രോളിയം പദ്ധതി സ്ഥാപിക്കുന്നതിനെതിരേ ജനകീയ സമരസമിതി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹസമരത്തിന് പിന്തുണയുമായി കണ്ണൂര്‍ രൂപതാ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല സമരപ്പന്തലിലെത്തി. വികസനം താല്‍ക്കാലിക ലാഭത്തിനും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കും വേണ്ടിയാവരുതെന്നും കണ്ടങ്കാളിയില്‍ നെല്‍വയല്‍ നികത്തി പെട്രോളിയം സംഭരണപദ്ധതി സ്ഥാപിക്കുന്നതിനെതിരേ മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിര്‍ദിഷ്ട പെട്രോളിയം പദ്ധതി വന്‍പാരിസ്ഥിതികാഘാതമുണ്ടാക്കും. കുന്നുകളും വയലുകളും ഇല്ലാതായാല്‍ ദൈവത്തിന്റെ സ്വന്തം നാട് നശിക്കും.

Full View

'ഭൂമി പൊതുഭവനമാണ്. അത് വരുംതലമുറയ്ക്ക് കൈമാറേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. തെറ്റുകളും പാതകങ്ങളും പ്രകൃതി പൊറുക്കില്ല' ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പ്രളയം നമ്മുടെ വീട്ടുപടിക്കലുമെത്തി. അന്നവും ജലവും വിളയേണ്ട വയലുകള്‍ എന്നന്നേക്കുമായി നഷ്ടപ്പെടുന്നു എന്നറിയുമ്പോള്‍ നമുക്ക് നൊമ്പരമുണ്ടാവണം. അതിനെതിരേ നിലകൊള്ളണം. നഷ്ടപ്പെടുത്തിയാല്‍ തിരിച്ചുകിട്ടില്ല. അല്ലെങ്കില്‍ ഭാവി തലമുറ ചോദ്യംചെയ്യും. ലാഭേച്ഛയും നിക്ഷിപ്തതാല്‍പര്യവുമാണ് മരടില്‍ കണ്ടത്. പുതുവൈപ്പിനില്‍ ഐഒസി പ്ലാന്റ് ജനജീവിതം ദുസ്സഹമാക്കുന്നു. പ്രതികരിക്കുന്ന ജനതയെ അടിച്ചമര്‍ത്തുന്ന സമീപനമാണ് ഭരണകൂടം സ്വീകരിക്കുന്നത്.

ഭൂമി പണയപ്പെടുത്തി നാടിന്റെ സൗഭാഗ്യങ്ങളില്ലാതാക്കുന്ന പദ്ധതിക്കെതിരേ ജനങ്ങളുടെ സ്വസ്തിക്കുവേണ്ടിയുള്ള ദീര്‍ഘവീക്ഷണമുള്ള ധാര്‍മികസമരമാണ് കണ്ടങ്കാളി സമരമെന്നും ഈ സമരം വിജയിക്കുമെന്നതില്‍ സംശയമില്ലെന്നും ബിഷപ്പ് പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ ടി പി പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ഫാ.ജെറി, ഫ.മാര്‍ട്ടിന്‍, സിസ്റ്റര്‍ ടെസ്സി, സിസ്റ്റര്‍ ഐറിസ്, സിസ്റ്റര്‍ റോസ് ലിന്‍, സിസ്റ്റര്‍ കൃപ, സിസ്റ്റര്‍ മിനി, എന്‍ സുബ്രഹ്മണ്യന്‍, അപ്പുക്കുട്ടന്‍ കാരയില്‍, അത്തായി ബാലന്‍, പത്മിനി കണ്ടങ്കാളി എന്നിവര്‍ സംസാരിച്ചു. സെന്റ് മേരീസ് സ്‌കൂള്‍ പരിസരത്തുനിന്നും സമരപ്പന്തലിലേക്ക് ബഹുജന ഐക്യദാര്‍ഢ്യപ്രകടനവും നടന്നു. തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് സമരപ്പന്തലില്‍ ശില്‍പി സുരേന്ദ്രന്‍ കൂക്കാനം ''പ്രകൃതിക്കൊരു പ്രണയശില്‍പം' ഒറ്റയാള്‍ സമരം നടത്തും. 

Tags:    

Similar News